കോഴിക്കോട്: അയോധ്യ കേസില്‍ സുപ്രീംകോടതി നാളെ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് കേരളത്തിലെ മുസ്ലീം നേതാക്കൾ. സമാധാനവും സൗഹാര്‍ദവും നിലനിർത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്ലീം സംഘടനാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ടി പി അബ്ദുള്ളക്കോയ മദനി, എം ഐ അബ്ദുല്‍അസീസ്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഡോ.ഇ.കെ അഹമ്മദ്കുട്ടി, എ നജീബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അബുല്‍ഹൈര്‍ മൗലവി, ഡോ.പി.എ ഫസല്‍ഗഫൂര്‍, സി പി കുഞ്ഞിമുഹമ്മദ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണം. രാജ്യത്ത് ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ശക്തി പകരുന്ന ശ്രമങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണം. വിധിയുടെ പേരില്‍ നാടിന്‍റെ സമാധാനത്തിനും സൗഹാര്‍ദത്തിനും ഭംഗം വരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. ജനാധിപത്യവും മനുഷ്യാവകാശവും സമാധാനവും സംരക്ഷിക്കാനും നീതിയുടെയും സത്യത്തിന്റെയും പക്ഷത്ത് നിലകൊള്ളാനും ഭരണകൂടം സന്നദ്ധമാവുമെന്ന് പ്രതീക്ഷിക്കുന്നതായും മുസ്ലീം നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അയോധ്യ കേസില്‍ നാളെ വിധി പറയുക. നാളെ അവധിദിനമായിട്ടും അയോധ്യ കേസില്‍ വിധി പറയാന്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് തീരുമാനിക്കുകയായിരുന്നു. രാവിലെ പത്തരയ്ക്ക് വിധി പ്രസ്താവിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി ജഡ്ജിമാരുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.