തിരുവനന്തപുരം: അയോധ്യ വിധിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ എം സ്വരാജ് എംഎല്‍എക്കെതിരെ പരാതി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബുവാണ് ഡിജിപിക്ക് പരാതി നല്‍കിയത്. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?' എന്നായിരുന്നു അയോധ്യ വിധിക്ക് പിന്നാലെയുള്ള എം സ്വരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 

അതേസമയം, അയോധ്യ വിധിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിന് കൊച്ചിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. വർഗ്ഗീയമായി പോസ്റ്റിട്ട രണ്ട് പേർക്കെതിരെയാണ് പൊലീസ് കേസെെടുത്തിരിക്കുന്നത്. കേരള പൊലീസിന്‍റെ സൈബർ ഡോം വിഭാഗമാണ് പോസ്റ്റ് കണ്ടെത്തിയത്. പ്രതികൾക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

അയോധ്യവിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. മതസ്പർധയുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയാൽ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.