വയര്‍ലെസില്‍ ബന്ധപ്പെട്ടിട്ടും പൊലീസ് സഹായിച്ചില്ലെന്നും ബോട്ടിന്‍റെ കെട്ട് പോലും പൊലീസ് അഴിച്ചില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. 

കൊല്ലം: വലിയഴീക്കൽ അപകടത്തില്‍ അഴീക്കല്‍ കോസ്റ്റൽ പൊലീസിനെതിരെ ആരോപണവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികൾ. രക്ഷാപ്രവര്‍ത്തനത്തില്‍ പൊലീസ് സഹായിച്ചില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. വയര്‍ലെസില്‍ ബന്ധപ്പെട്ടിട്ടും സഹായിച്ചില്ലെന്നും ബോട്ടിന്‍റെ കെട്ട് പോലും പൊലീസ് അഴിച്ചില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. പരാതി ഗൌരവമുള്ളതെന്നും പരിശോധിക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 

ആലപ്പാട് പഞ്ചായത്തിലെ അഴീക്കൽ തീരത്ത് നിന്ന് കഷ്ടി ഒരു നോട്ടിക്കൽ മൈൽ മാത്രം ദൂരെ രാവിലെ പത്തേ കാലോടെയായിരുന്നു അപകടം. ആറാട്ടുപുഴയിൽ നിന്ന് മീൻ പിടിക്കാൻ പോയ ഓംകാരം എന്ന വള്ളവും ഒപ്പമുണ്ടായിരുന്ന ക്യാരിയർ വള്ളവുമാണ് മറിഞ്ഞത്. അപകടത്തില്‍ ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശികളായ തങ്കപ്പൻ, സുദേവൻ, സുനിൽ ദത്ത്, ശ്രീകുമാർ എന്നിവര്‍ മരിച്ചു. രക്ഷപ്പെട്ട 12 പേരിൽ രണ്ടുപേരുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

പെട്ടെന്നുണ്ടായ തിരമാലയാണ് അപകടകാരണമായതെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10000 രൂപയും പരിക്കേറ്റവർക്ക് 5000 രൂപയും അടിയന്തര സഹായം സർക്കാർ പ്രഖ്യാപിച്ചു. അപകടകാരണം ചുഴലിക്കാറ്റാവാനുള്ള സാധ്യതയും കരുനാഗപ്പള്ളിയിലെത്തിയ ഫിഷറീസ് മന്ത്രി സജി ചെറിയാൻ പങ്കുവച്ചു. ഇതേ കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.