സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സിഎടി) വിധി പ്രതീക്ഷിച്ചിരുന്നുവെന്ന് ബി അശോക്. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നും അസോസിയേഷനും പോരാട്ടം തുടരുമെന്നും ബി അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സിഎടി) വിധി പ്രതീക്ഷിച്ചിരുന്നുവെന്ന് ബി അശോക് ഐഎഎസ്. തങ്ങളുടെ ആവശ്യം ലളിതമായിരുന്നു. ചട്ടങ്ങൾ പാലിക്കാത്ത സാഹചര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്. സർക്കാർ പറഞ്ഞ എല്ലാ തടസവാദങ്ങളും പരിശോധിച്ചുള്ള വിധിയാണിത്. സ്ഥലംമാറ്റം കേഡർ ചട്ടത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. ഐഎഎസുകാരെ നിയമിക്കേണ്ട കേഡർ പോസ്റ്റുകളിൽ ഐഎഎസ്സുകാരെയാണ് നിയമിക്കേണ്ടത്. അതിനു മാറ്റം വന്നപ്പോഴാണ് നിയമപരമായി മുന്നോട്ടുപോയത്. സിവിൽ സർവീസ് ബോർഡ് 2016 ന് ശേഷം കേരളത്തിൽ യോഗം ചേർന്നിരുന്നില്ല.

മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞവർഷം ഫെബ്രുവരി മുതൽ മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും അവസരം നൽകിയില്ല. ഈ ഉത്തരവ് മൂലം ജോലി ഭാരം കൂടുകയില്ല. സർവീസിൽ നിന്ന് വിരമിച്ച ഒരാൾക്ക് കേഡർ പോസ്റ്റ് ഏറ്റെടുക്കാനാകില്ലി. സർവീസിന്റെ സമഗ്രതയെ ചോദ്യം ചെയ്യുന്ന കാര്യമായതുകൊണ്ടാണ് നിയമപരമായി മുന്നോട്ടുപോയത്. തോന്നുന്ന മാറ്റങ്ങൾ പാടില്ലെന്നാണ് കോടതി പറഞ്ഞത്. സർക്കാർ സുപ്രീംകോടതിയിൽ പോകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അസോസിയേഷനും സുപ്രീംകോടതിയിൽ പോരാടുമെന്നും ബി അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഐ എ എസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014 ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്നാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്. ഉത്തരവ് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. ബി അശോകിനെ മാറ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ കോടതി റദ്ദാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി. നിലവിൽ എക്സൈസ് കമ്മീഷണറായ എം ആർ അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്സൈസ് കമ്മീഷണർ സ്ഥാനം ഐ എ എസ് കേഡർ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടി വരും. കില (KILA), ഐ എം ജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐ എ എസ് കേഡർ തസ്തികകളാണെന്നും സി എ ടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാന തസ്തികകളിൽ വലിയ അഴിച്ചുപണി

ഐ എ എസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ താൽപ്പര്യങ്ങൾ കടന്നുകൂടുന്നത് തടയുന്നതാണ് ഈ ഉത്തരവെന്നാണ് സി എ ടി വ്യക്തമാക്കുന്നത്. കേഡർ നിയമങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നും ട്രിബ്യൂണൽ ഓർമ്മിപ്പിച്ചു. വിധി നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ പ്രധാന തസ്തികകളിൽ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. ഐ എ എസ് ഉദ്യോഗസ്ഥരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് വ്യക്തമാക്കുന്ന ഈ വിധി ഭരണതലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

YouTube video player