തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ ഒന്നും ഇതുവരെ ചെയ്യാത്ത കേരള സർക്കാർ, ട്രെയിൻ ചോദിച്ച് കത്തെഴുതി തടി ഊരാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മറ്റ് സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ച് അന്യദേശ തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് കൊണ്ടുപോകാൻ 
കേന്ദ്ര സർക്കാർ ട്രെയിൻ സൗകര്യം ചെയ്തു കൊടുത്തു.

കേരളം  ഇന്നലെ വരെ ഒന്നും ആവശ്യപ്പെട്ടില്ല. എന്നാൽ, എട്ടുകാലി മമ്മൂഞ്ഞിനെ പോലെ ട്രെയിന്‍റെ പിതൃത്വം ഏറ്റെടുക്കുന്ന അല്‍പ്പത്തരം ചെയതു. ട്രെയിൻ വിടണമെന്ന് ഇന്ന് ആവശ്യപ്പെട്ട കേരള സർക്കാർ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ കൊണ്ടു വരാൻ എന്ത് കൊണ്ട് കെഎസ്ആര്‍ടിസി ബസ് അയക്കുന്നില്ലെന്ന് ഗോപാലകൃഷ്ണന്‍ ചോദിച്ചു.

രാജസ്ഥാനിലെ കോട്ടയിൽ നിന്ന് രണ്ടായിരത്തിനടുത്ത് വിദ്യാർത്ഥികളെയും ദില്ലിയിൽ നിന്ന് ആയിരം ബസുകളിലായി തൊഴിലാളികളേയും ഉത്തർപ്രദേശ് സർക്കാർ എങ്ങനെ കൊണ്ടുപോയി എന്നത് കേരള സർക്കാർ പഠിക്കണം. നോർക്ക വഴി രജിസ്റ്റർ ചെയ്തവർ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുമ്പോൾ ട്രെയിൻ ചോദിച്ച് കത്തെഴുതിയത് കൊണ്ട് കാര്യമില്ല. ദില്ലിയിലെ കേരള ഹൗസിൽ ബന്ധപ്പെടുന്നവർക്ക് നിരാശ മാത്രമാണ് മറുപടി.

മലയാളികളുടെ കാര്യം നോക്കാൻ ശമ്പളം കൊടുത്ത് പുതിയ പദവി നൽകിയ സമ്പത്തിനെ കണ്ടവരുണ്ടോ എന്ന് അന്വേഷിച്ച് നടക്കേണ്ട അവസ്ഥയിലാണ്. കർണാടകയിൽ 49233 പേരും തമിഴ്നാട്ടിൽ 45491 പേരും മഹാരാഷ്ട്രയിൽ 20869 പേരും നോർക്കയിൽ പേര് രജിസ്റ്റർ ചെയ്ത് കേരളത്തിലേക്ക് വരാൻ കാത്തിരിക്കുന്നുണ്ടെങ്കിലും ഇവരെ കൊണ്ടു വരുവാൻ വേണ്ടി കേരള സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഇത് അക്ഷന്തവ്യമായ അപരാധമാണ്. സ്വന്തമായി വേണമെങ്കിൽ വന്നോട്ടെ അതിർത്തി തുറന്ന് കൊടുക്കാം എന്ന കേരള സർക്കാരിന്‍റെ ഉഴപ്പൻ നയം അപലപനീയമാണ്. മുഖ്യമന്ത്രിയുടെ ഉപദേശകന്മാർ ഈ കാര്യത്തിൽ ഉപദേശത്തിന് പകരം ഉപേക്ഷയാണ് കാണിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.