തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിനിടെ ഹൃദയശസ്ത്രക്രിയയ്ക്കായി തമിഴ്നാട്ടിൽ നിന്നും എറണാകുളത്തെ ലിസി ആശുപത്രിയിലെത്തിച്ച നവജാതശിശു തിരികെ ജന്മനാട്ടിലേക്ക്. തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ വച്ച് ചികിത്സയിൽ പങ്കാളിയായ നഴ്സ്, കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. പ്രസവിച്ച ഉടനെതന്നെ കുഞ്ഞിനെ ചികിത്സയ്ക്ക് വേണ്ടി കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. പ്രസവശേഷം അമ്മ നാഗർകോവിലിൽ തന്നെ തുടരുകയും ചെയ്തു. ഇന്നാദ്യമായാണ് അമ്മ സ്വന്തം കുഞ്ഞിനെ കാണുന്നത്. 

ദൈവത്തിന്റെ സമ്മാനം അഥവാ ഫസ്രിൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നാഗർകോവിൽ സ്വദേശികളുടെ ഈ കുഞ്ഞിന് കൊച്ചിയിലെ ലിസി ആശുപത്രിയിൽ വച്ചാണ് പേരിട്ടത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് കുഞ്ഞ് തിരികെ പോകുന്നത്. ചികിത്സയിൽ പങ്കാളിയായ നഴ്സാണ് കുഞ്ഞുഫസ്റിനെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് ആംബുലൻസിൽ കൊണ്ടുപോയത്. ഒപ്പം കുഞ്ഞിന്റെ അച്ഛനും മുത്ത്ഛനുമുണ്ടായിരുന്നു. വിഷുദിനത്തിൽ ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ഗർഭാവസ്ഥയിലായിരിക്കെ തന്നെ കുഞ്ഞിന്‍റെ ഹൃദയത്തിന് തകരാറുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. വിദഗ്ദ ചികിത്സക്കായി പ്രസവം കേരളത്തില്‍ മതിയെന്നും തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ പ്രതീക്ഷിച്ചതിലും രണ്ടാഴ്ച മുന്പേ, ഫസ്റിൻ ജനിച്ചു. ഇതോടെയാണ് അടിയന്തരശസ്ത്രക്രിയയ്ക്ക് വേണ്ടി കുഞ്ഞിനെ കൊച്ചിയിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് തമിഴ്നാട് സർക്കാരുമായി ബന്ധപ്പെട്ടായിരുന്നു യാത്രയ്ക്കുള്ള തടസങ്ങൾ നീക്കിയത്. 

"