Asianet News MalayalamAsianet News Malayalam

കുഞ്ഞിന്റെ ആരോഗ്യം നമ്മുടെ സമ്പത്ത്: ആദ്യ 1000 ദിന പരിപാടി ഇനി എല്ലാ ജില്ലകളിലും, ഉദ്ഘാടനം മുഖ്യമന്ത്രി

ആദ്യ 1000 ദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 23-ാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 

Baby Health Our Wealth: The First 1000 Days Program Now in All Districts
Author
Thiruvananthapuram, First Published Sep 20, 2021, 3:16 PM IST

തിരുവനന്തപുരം: 11 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച് വിപുലീകരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതിയ 17 പ്രോജക്ടുകള്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലുമായി ആകെ 28 പ്രോജക്ടുകളിലാണ് പരിപാടി വ്യാപിപ്പിക്കുന്നത്. ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ മുതല്‍ കുട്ടിയ്ക്ക് 2 വയസ് തികയുന്നതു വരെയുള്ള ആദ്യ 1000 ദിനങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും ആ ദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഇതിനായി 2,18,40,000 രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നതായും മന്ത്രി വ്യക്തമാക്കി.

ആദ്യ 1000 ദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 23-ാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ബോധവത്ക്കരണ ലഘുലേഖ പ്രകാശനം ചെയ്യും.

പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ 3 മാസത്തിലൊരിക്കല്‍ ഗര്‍ഭിണികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തുകയും മെഡിക്കല്‍ ഓഫീസറുടെ ശിപാര്‍ശ പ്രകാരം തെരഞ്ഞെടുക്കുന്ന ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക തെറാപ്യുട്ടിക് ഫുഡ് അങ്കണവാടികള്‍ വഴി വിതരണം നടത്തുകയും ചെയ്യുന്നതാണ്.

നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ കഴിയാത്ത സാഹച്യത്തില്‍ പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. കൂടാതെ ഗുണഭോക്താക്കളായ ആളുകള്‍ക്ക്1000 സുവര്‍ണ ദിനങ്ങള്‍ സംബന്ധിച്ച വിവരങ്ങളടങ്ങിയ ബോധവത്ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്യും. ഒരു സ്ത്രീ ഗര്‍ഭിണിയാകുന്ന നാള്‍ മുതല്‍ അങ്കണവാടി പ്രവര്‍ത്തകരും ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, സി.ഡി.പി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥരും നിശ്ചിത ഇടവേളകളില്‍ ഗുണഭോക്താക്കളുടെ ഭവന സന്ദര്‍ശനം നടത്തി ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

കുഞ്ഞു ജനിച്ച് 2 വയസുവരെയുള്ള പ്രായത്തിനിടയില്‍ കുഞ്ഞിന്റെ പ്രായത്തിനനുസരിച്ചുള്ള ഭാരം, ഉയരം എന്നിവ അങ്കണവാടി പ്രവര്‍ത്തകരും ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥരും നിശ്ചിത ഇടവേളകളില്‍ ഭവന സന്ദര്‍ശനം നടത്തി പരിശോധിക്കുകയും ആയതില്‍ പ്രകടമായ വ്യത്യാസം കണ്ടെത്തിയാല്‍ ഈ വിവരം രക്ഷകര്‍ത്താക്കളെയും ഡോക്ടര്‍മാരെയും അറിയിക്കുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നു. പദ്ധതി നടപ്പിലാക്കുന്ന 28 പ്രോജക്ടുകളിലുള്ളവര്‍ക്കും വിദഗ്ധ പരിശീലനവും നല്‍കുന്നതാണ്.

Follow Us:
Download App:
  • android
  • ios