'7ാം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയിൽ നിന്ന് മോശം അനുഭവം'; ദുരനുഭവം തുറന്ന് പറഞ്ഞ് നടി ദേവകി ഭാഗി
കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും ഓഡിഷൻ കഴിയുമ്പോൾ പേടി മാറുമെന്നും സംവിധായകൻ പറഞ്ഞെന്നും ദേവകി ഭാഗി പറയുന്നു
തിരുവനന്തപുരം: ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് സഹ സംവിധായികയും നടിയുമായ ദേവകി ഭാഗി. അന്ന് അഭിനയിക്കാൻ വിളിച്ച സിനിമയുടെ സഹ സംവിധായകൻ മോശമായി പെരുമാറിയതോടെ അഭിനയിക്കാതെ പിന്മാറി. പിന്നീട് പ്ലസ് വണ്ണിന് പഠിക്കുമ്പോൾ വീണ്ടും സിനിമയിലേക്ക് അവസരം വന്നു. അപ്പോഴും സംവിധായാകൻ മോശമായി സംസാരിച്ചു. കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും ഓഡിഷൻ കഴിയുമ്പോൾ പേടി മാറുമെന്നും സംവിധായകൻ പറഞ്ഞെന്നും ദേവകി ഭാഗി പറയുന്നു. ഇതാണ് ഇപ്പോഴും സിനിമ മേഖലയിൽ തുടരുന്നതെന്നും ഭാഗി വ്യക്തമാക്കി.
അതേ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുളള ഹർജികൾ പരിഗണിക്കുന്നതിന് രൂപീകരിച്ച പ്രത്യേക ഹൈക്കോടതി ബെഞ്ചിന്‍റെ ആദ്യ സിറ്റിങ് നാളെ നടക്കും. ജസ്റ്റീസ് എ കെ ജയശങ്കരൻ നന്പ്യാർ, ജസ്റ്റീസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുളള വിവിധ ഹർജികളാണ് ഹൈക്കോടതിക്ക് മുന്നിലുളളത്.
മൊഴി നൽകിയവരുടെ പേരും മൊഴിയുടെ വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനിയും കേസിൽ കക്ഷി ചേരാന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. മുദ്ര വെച്ച കവറിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം ഹാജരാക്കാൻ ആക്ടിങ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട മറ്റൊരു ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു.