സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശം. പരിശീലകൻ പെൺകുട്ടികളെ ഉപദ്രവിച്ച കേസിൽ കോടതി വിധി വന്നതിന് പിന്നാലെയാണ് കമ്മീഷന്റെ സുപ്രധാന ഇടപെടൽ.
തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിൽ പരിശീലനത്തിനെത്തിയ പെൺകുട്ടികളെ പരിശീലകൻ ലൈംഗികമായി ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ കോടതി വിധി വന്നതിന് പിന്നാലെയാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആണ് വിഷയത്തിൽ നിർദ്ദേശം നൽകിയത്. കെസിഎ യുടെ കീഴിൽ ക്രിക്കറ്റ് പഠിക്കാൻ വന്ന പെൺകുട്ടികളെ പരിശീലകൻ ഉപദ്രവിച്ചെന്ന പരാതിയിൽ വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം മനു (40)വിന് 16 വർഷം കഠിന തടവും 24000 രൂപ പിഴയും അതിവേഗ പ്രത്യേക കോടതി വിധിച്ചിരുന്നു.
ഈ സംഭവത്തിലാണ് കമ്മീഷന്‍റെ ഇടപെടൽ. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ, സ്ത്രീകൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകാൻ വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരിശീലനം നടക്കുന്ന സമയം മുതിർന്ന ഉദ്യോഗസ്ഥയുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് നിർദേശിക്കുന്നു. പരിശീലനത്തിനെത്തുന്ന സ്ത്രീകളും പെൺകുട്ടികളും വസ്ത്രം മാറുന്ന മുറികളിൽ പുരുഷന്മാർക്ക് പ്രവേശനം പൂർണമായും നിഷേധിക്കണം. ആവശ്യമെങ്കിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം. പരിശീലനത്തിനെത്തുന്ന പെൺകുട്ടികളുടെ മാതാപിതാക്കളെ അവർ താല്പര്യപ്പെട്ടാൽ പരിശീലന സ്ഥലത്ത് തുടരാൻ അനുവദിക്കണം. അനിഷ്ട സംഭവങ്ങൾ തടയാൻ ആവശ്യമായ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഇവ പരിശോധിച്ച് അസ്വാഭാവിക പ്രവൃത്തികൾ കണ്ടെത്തിയാൽ പൊലീസിനെ അറിയിക്കണം.പരിശീലകർക്കെതിരെ പരാതി ലഭിച്ചാൽ ഉടൻ പൊലീസിന് കൈമാറണം.
കെസിഎയിലെ യുവ പരിശീലകർക്ക് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് ബോധവൽക്കരണം നൽകണമെന്നും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കെസിഎ അതീവ ജാഗ്രതയും ശ്രദ്ധയും പുലർത്തണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ പരിശീലകനെതിരെ 6 കേസുകളാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ നാല് കേസുകളുടെ വിചാരണയാണ് പൂർത്തിയായത്.
