അന്താരാഷ്ട്ര യോഗാ ദിനത്തിന്‍റെ ഒരുക്കം വിലയിരുത്താന്‍ ഗവര്‍ണര്‍ യോഗം വിളിച്ചത് സർക്കാർ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് മുഖ്യമന്ത്രി. ഇതിൽ അസംതൃപ്തി രേഖപ്പെടുത്തിയ സർക്കാർ, ഇത് എക്സിക്യൂട്ടീവ് ചുമതലകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനത്തിന്‍റെ ഒരുക്കം വിലയിരുത്താന്‍ ഗവര്‍ണര്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്ത വിവരം മാധ്യമ വാര്‍ത്തകളിലൂടെയാണ് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ഇന്ന് രാവിലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ആരാഞ്ഞു. ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവര്‍ണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത്തരം ഒരു യോഗം ചേര്‍ന്നതിലുള്ള സര്‍ക്കാരിന്‍റെ അസംതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി ലോക്ഭവന് കത്തും നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സര്‍ക്കാരിന്‍റെ എക്‌സ്‌ക്യൂട്ടീവ് ചുമതലകളില്‍പ്പെട്ടതാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി ലോക്ഭവന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

അതേസമയം, യോഗ ദിനാചരണത്തിലെ ഗവർണറുടെ ഇടപെടലിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതികരിച്ചിരുന്നു. ഗവർണർ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടന കീഴ്വഴക്കങ്ങളുടെ നഗ്നമായ ലംഘന‌മാണെന്നും ഗവർണർ സമാന്തര അധികാര സ്ഥാനമായി മാറുന്ന കാഴ്ചയാണെന്നും ​ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പിണറായി കുറ്റപ്പെടുത്തി. എന്ത് അടിസ്ഥാനത്തിലാണ് ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ച് ഭരണകാര്യങ്ങളിൽ ഇടപെടുന്നത്. ഇത് അത്യന്തം ഗുരുതരമായ സാഹചര്യം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മറുപടി കണ്ടില്ല. സംഘപരിവാർ വിധേയത്വം കാണിക്കുന്നു എന്ന ആക്ഷേപം നാട്ടിലുണ്ട്. കിട്ടിയ അവസരം ഗവർണറും ശരിയായി ഉപയോഗിക്കുന്നുവെന്നും സംസ്ഥാനത്തിന്റെ അന്തസ്സാണ് ചോദ്യം ചെയ്യുന്നതെന്നും അ​ദ്ദേഹം പറഞ്ഞു. മുമ്പ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഗവർണർ നേരിട്ട് വിളിച്ചപ്പോൾ സർക്കാർ എടുത്ത നിലപാട് മുൻപിൽ ഉണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു.