കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജടക്കം മൂന്നു പ്രതികൾ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. നാലാം പ്രതി ടി ഒ സൂരജ്, ഒന്നാം പ്രതി കരാറുകാരനായ ആർഡിഎസ് കമ്പനി ഉടമ സുമിത് ഗോയൽ, രണ്ടാം പ്രതി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ അസിസ്റ്റന്‍റ് ജനറൽ മാനേജർ എംഡി തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കുക. 

റിമാൻഡിലായിട്ട് രണ്ടുമാസമായെന്നും തങ്ങളെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതിന്‍റെ ആവശ്യം ഇല്ലെന്നുമാണ് പ്രതികളുടെ വാദം. എന്നാൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎയ്ക്കെതിരായ അന്വേഷണത്തിന് സർക്കാരിനോട് അനുവാദം തേടിയിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.