Asianet News MalayalamAsianet News Malayalam

അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ പതിനാലിന് പരിഗണിക്കും, ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് തേടി

വിഷയത്തിൽ ഹൈക്കോടതി കേരളസർക്കാരിൻ്റെ റിപ്പോർട്ട് തേടിയിരിക്കുകയാണ്. കസ്റ്റഡിയിൽ ലഭിക്കുകയാണെങ്കിൽ, ഇരുവരെയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

bail applications of alan and taha to be considered on 14th
Author
Kochi, First Published Nov 8, 2019, 2:40 PM IST

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് നിന്നും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലൻ്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ പതിനാലാം തീയതിയിലേക്ക് മാറ്റി. വിഷയത്തിൽ ഹൈക്കോടതി സർക്കാരിൻ്റെ റിപ്പോർട്ട് തേടി. 

അലൻ ഷുഹൈബും താഹ ഫൈസലും വിദ്യാര്‍ത്ഥികൾ മാത്രമാണെന്ന് പറയുന്ന ഹര്‍ജിയിൽ ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന പൊലീസ് വാദങ്ങൾ തള്ളുന്നു. അതേസമയം കേസിൽ ഇരുവര്‍ക്കും ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചേക്കില്ല എന്നാണ് വിവരം. ഇരുവരുടെയും റിമാന്റ് റിപ്പോര്‍ട്ട് കോടതിയിൽ ഹാജരാക്കിയിട്ടില്ല. നേരത്തെ ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിവിധി ചോദ്യം ചെയ്താണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. 

"ഇൻക്വിലാബ് സിന്ദാബാദ്" എന്നും "മാവോയിസം സിന്ദാബാദ്" എന്നുമാണ് മുദ്രാവാക്യം വിളിച്ചത്. അല്ലാതെ സിപിഐ എംഎല്ലിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചിട്ടില്ല. ഇരുവരുടെയും പക്കൽ നിന്നും വീട്ടിൽ നിന്നും കണ്ടെടുത്തുവെന്ന് പറയപ്പെടുന്ന ലഘുലേഖകൾ യുഎപിഎ ചുമത്താൻ മാത്രം ഗൗരവമുള്ളതല്ലെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു.

അലന്റെയും താഹയുടെയും സുരക്ഷയ്ക്ക് കോഴിക്കോട് ഭീഷണിയുണ്ടെന്നും അതിനാല്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് ഇരുവരെയും മാറ്റണമെന്നും ആവശ്യപ്പെട്ട് ജില്ലാ ജയിൽ സൂപ്രണ്ട് നൽകിയ കത്തിൽ അനുകൂല തീരുമാനമായിരുന്നില്ല ജയിൽ ഡിജിപി ഋഷിരാജ് സിംഗ് എടുത്തത്. 

നിലവിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് വിലയിരുത്തിയാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഈ ആവശ്യം തള്ളിയത്. കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ വിധി വന്ന ശേഷം ബാക്കി തീരുമാനങ്ങൾ എടുക്കാമെന്നും ജയിൽ വകുപ്പ് നിലപാടെടുത്തു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാവുന്ന ഘട്ടമെത്തുകയാണെങ്കിൽ, ഇക്കാര്യം അപ്പോൾ പരിഗണിക്കാമെന്ന് വാക്കാൽ ഉറപ്പും ഋഷിരാജ് സിംഗ് നൽകി എന്നാണ് വിവരം. 

അതേസമയം മഞ്ചിക്കണ്ടി വനമേഖലയിൽ നിന്ന് കണ്ടെടുത്ത ലഘുലേഖയും അലന്‍റെയും താഹയുടേയും വീട്ടിൽ വിന്ന് കണ്ടെടുത്ത ലഘുലേഖകളും തമ്മിൽ സാമ്യമുള്ളത് ഗൗരവമുള്ള സംഗതിയാണെന്നാണ് അന്വേഷണസംഘം പറയുന്നത്. 

കസ്റ്റഡിയിൽ ലഭിക്കുകയാണെങ്കിൽ, ഇരുവരെയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കസ്റ്റഡിയിൽ വാങ്ങാനായി അന്വേഷണസംഘം അപേക്ഷ നൽകിയിട്ടുണ്ട്. രക്ഷപ്പെട്ട മൂന്നാമനായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് യുഎപിഎ കേസ് സ്ഥാപിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

Follow Us:
Download App:
  • android
  • ios