എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുകയാണ്. വർഗീയ വിഷം കലർത്താനാണ് ശ്രമം നടക്കുന്നതെന്ന് എം വി ഗോവിന്ദൻ.

കോഴിക്കോട്: ബലി പെരുന്നാൾ അവധി വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുകയാണ്. വർഗീയ വിഷം കലർത്താനാണ് ശ്രമം. കലണ്ടർ അനുസരിച്ചാണ് അവധി തീരുമാനിച്ചത്. സ്വാഭാവികമായും അതിനെതിരെ പ്രശ്നമുണ്ടായപ്പോൾ ഇന്നും നാളെയും അവധി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. യുഡിഎഫിൻ്റെ ആരോപണം ഭയന്നാണോ ഇന്ന് അവധി എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഞങ്ങൾക്ക് ആരെ ഭയക്കാനാണ് എന്നായിരുന്നു ഗോവിന്ദൻ്റെ മറുപടി.

ബക്രീദ് അവധിയിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും കുറ്റപ്പെടുത്തി. അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ഒരു വിമുഖതയും ഇല്ലെന്നും മറ്റാരെക്കാളും സർക്കാരിന് താൽപര്യമുള്ള വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി. നിലമ്പൂരിലെ പരാജയം ഭയന്ന് പ്രതിപക്ഷം എന്തും പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നതാണ് അവസ്ഥയെന്നും ശിവൻകുട്ടി വിമർശിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധിയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധിയില്ല. നാളെ മാത്രമാണ് അവധി. പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ രാത്രി അവധി പ്രഖ്യാപിച്ചത്. പെരുന്നാള്‍ അവധി മറ്റന്നാളത്തേക്ക് മാറ്റിയതിനെതിരെ വിവിധ സംഘടനകള്‍ വിമര്‍ശനം ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ കടുംപിടുത്തം ഒഴിവാക്കിയത്.