കൂടെയുണ്ടായിരുന്ന രണ്ട് മൂന്ന് മാനേജര്‍മാര്‍ വലിയ വലിയ കേസുകളിൽ പ്രതികളായിരുന്നു അവര്‍ നടത്തിയ സാമ്പത്തിക തിരിമറി ബാലു അറിഞ്ഞത് കൊണ്ട് ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതാവാം

തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. സ‍ർക്കാർ തീരുമാനം അറിഞ്ഞ ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവ‍ര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. സാമ്പത്തിക തിരിമറി ബാലു അറിഞ്ഞതുകൊണ്ടാവാം കൊലപ്പെടുത്തിയതെന്ന സംശയം അദ്ദേഹത്തിന്റെ അച്ഛൻ കെസി ഉണ്ണി വീണ്ടും ഉന്നയിച്ചു.

"ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കുന്നു. കൂടെയുണ്ടായിരുന്ന രണ്ട് മൂന്ന് മാനേജര്‍മാര്‍ വലിയ വലിയ കേസുകളിൽ പ്രതികളായിരുന്നു. അവര്‍ നടത്തിയ സാമ്പത്തിക തിരിമറി ബാലു അറിഞ്ഞത് കൊണ്ട് ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതാവാം," അദ്ദേഹം പറഞ്ഞു.

"ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ അത്ര തൃപ്തി തോന്നിയില്ല. അവര്‍ നമ്മള് പറഞ്ഞ കാര്യങ്ങൾക്ക് വേണ്ട പ്രാധാന്യം കൊടുത്തില്ല. എല്ലാം നഷ്ടപ്പെട്ടാൽ ദൈവത്തെയല്ലേ വിളിക്കുക? അത് പോലെ ഇവിടെ കുറ്റാന്വേഷണത്തിൽ സിബിഐയെക്കാൾ വലിയ ഏജൻസി വേറെയില്ലല്ലോ. നടന്ന അപകടമല്ല, മനപ്പൂർവ്വമുണ്ടാക്കിയ അപകടമാണെന്ന് തോന്നി. ഒരുപാട് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. എല്ലാം സിബിഐ അന്വേഷിക്കുമെന്നാണ് കരുതുന്നത്," അദ്ദേഹം പറ‌ഞ്ഞു.

"പുതിയ തെളിവുകളൊന്നും എന്റടുത്തില്ല. ഒരൊറ്റ തവണ മാത്രം പ്രീമിയം അടച്ച 40 ലക്ഷത്തിന്റെ ഒരു ഇൻഷുറൻസ് കണ്ടു. അത് പുനലൂര് പോയാണ് എടുത്തത്. അതും അന്വേഷിക്കണം. ഇടിക്കുന്നതിന് മുൻപ് അര്‍ജുൻ വാഹനത്തിൽ നിന്ന് ചാടിയിട്ടുണ്ടാകാമെന്ന് തോന്നുന്നു. പിന്നവിടെ ബോധമില്ലാതെ കിടന്നാൽ മതിയല്ലോ... ആരറിയാൻ...?"

"സെപ്തംബ‍ര്‍ 25 ന് നടന്ന അപകടത്തിൽ മാസങ്ങൾ കഴിഞ്ഞാണ് വാഹനത്തിൽ ശാസ്ത്രീയ പരിശോധന നടത്തിയത്. അതോടെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിച്ചത്. ആദ്യം മുഖ്യമന്ത്രിക്ക് കത്ത് നൽകി. അദ്ദേഹം അത് ഡിജിപിക്ക് അയച്ചു. ഡിജിപി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഒന്നര മണിക്കൂറിലേറെ സംസാരിച്ചു. സിബിഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അത് സിബിഐക്ക് വിടുകയും ചെയ്തു," കെസി ഉണ്ണി പറഞ്ഞു.

"40ാമത്തെ വയസിൽ പോയില്ലേ അവൻ. ഒരുപാട് പേര് അവനെ കൊണ്ട് ജീവിച്ചു. ഒരുപാട് വ‍ര്‍ക്ക് ചെയ്തതാണ് അവൻ. ദിവസം അഞ്ചും ആറും മണിക്കൂ‍ര്‍ വരെ പരിശീലനം നടത്തി. അതിന്റെ ഗുണം കിട്ടും മുൻപ് കൊന്നുകളഞ്ഞു. നമുക്കിങ്ങനെ കിടന്ന് നിലവിളിക്കാനേ പറ്റുള്ളൂ. സിബിഐ അന്വേഷിക്കുമ്പോൾ പെട്ടെന്ന് ഉത്തരം കിട്ടുമായിരിക്കും" എന്നും അദ്ദേഹം പറഞ്ഞു. 

"ഞങ്ങൾക്കിഷ്ടമില്ലാതെ ബാലു കല്യാണം കഴിച്ചതിന്റെയാണ് ഇതെല്ലാമെന്നാണ് ഇടയ്ക്ക് കേട്ടത്. അത് വളരെയേറെ വിഷമമുണ്ടാക്കി. കുടുംബകലഹമെന്നതിനേക്കാൾ ഉപരി ബാലുവിനെ നഷ്ടപ്പെട്ടതിന്റെ കാരണം അറിയണം. ഇങ്ങിനെയൊന്നും മരിക്കേണ്ടവനായിരുന്നില്ല. എല്ലാവ‍ര്‍ക്കും ഇഷ്ടമുള്ള ഒരാളായിരുന്നു ബാലു," എന്നും അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു.