Asianet News MalayalamAsianet News Malayalam

ബാലഭാസ്കറിന്‍റെ മരണം: മൊഴി മാറ്റി ജ്യൂസ് കടയുടമ, പ്രകാശ് തമ്പി സിസിടിവി ദൃശ്യം കൊണ്ടുപോയില്ല

ബാലഭാസ്കറിന്‍റെ മരണത്തിന് ശേഷം പ്രകാശ് തമ്പി എന്ന ഒരാൾ ജ്യൂസ് കടയിൽ വന്നിട്ടില്ല, സിസിടിവി ഹാർഡ് ഡിസ്ക് എടുത്തുകൊണ്ട് പോയിട്ടില്ല, അങ്ങനെയൊരാളെ അറിയില്ല, മരിച്ചത് ബാലഭാസ്കറാണെന്ന് പോലും അറിയില്ലായിരുന്നുവെന്ന് ജ്യൂസ് കടയുടമ. 

balabhaskar death things takes a u turn juice shop owner denies the statement given to crime branch
Author
Thiruvananthapuram, First Published Jun 7, 2019, 2:16 PM IST

തിരുവനന്തപുരം: കൊല്ലത്തിനടുത്ത് ബാലഭാസ്കറിന്‍റെ കുടുംബം വാഹനം നിർത്തി ജ്യൂസ് കുടിച്ച ദൃശ്യങ്ങൾ പ്രകാശ് തമ്പി എന്നയാൾ കൊണ്ടുപോയിട്ടില്ലെന്ന് ജ്യൂസ് കടയുടമ ഷംനാദ്. ക്രൈംബ്രാഞ്ചിനോട് പ്രകാശ് തമ്പി ദൃശ്യങ്ങൾ കൊണ്ടുപോയെന്ന് മൊഴി നൽകിയിട്ടില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു. 

ബാലഭാസ്കറിന്‍റെ മരണത്തിന് ശേഷം പ്രകാശ് തമ്പി എന്ന ഒരാൾ ജ്യൂസ് കടയിൽ വന്നിട്ടില്ല, സിസിടിവി ഹാർഡ് ഡിസ്ക് എടുത്തുകൊണ്ട് പോയിട്ടില്ല, അങ്ങനെയൊരാളെ അറിയില്ല, മരിച്ചത് ബാലഭാസ്കറാണെന്ന് പോലും അറിയില്ലായിരുന്നുവെന്ന് ജ്യൂസ് കടയുടമ ഷംനാദ് വ്യക്തമാക്കി.

ഹാർഡ് ഡിസ്ക് എടുത്തുകൊണ്ടുപോയത് പൊലീസാണ്. ഡിവൈഎസ്‍പി ഹരികൃഷ്ണനാണ് ഹാർഡ് ഡിസ്ക് എടുത്തുകൊണ്ടുപോയത്. ഇതിനിടെ ജ്യൂസ് കടയിൽ പ്രകാശ് തമ്പി എന്നൊരാൾ വന്ന് സിസിടിവി ഹാർഡ് ഡിസ്ക് കൊണ്ടുപോയി എന്ന് പറഞ്ഞിട്ടേയില്ലെന്ന് ഷംനാദ് പറയുന്നു.

''പ്രകാശ് തമ്പി എന്നൊരു കക്ഷിയേയേ എനിക്കറിയില്ല. ക്രൈംബ്രാഞ്ച് എന്നോട് ചോദിച്ചത് ഇങ്ങനെയൊരു സാറ് ഇവിടെ വന്നിരുന്നോ, കരിക്കിൻ ഷേക്ക് കുടിച്ചിരുന്നോ എന്നാണ്. ഇങ്ങനെ ഒരു സാറ് ഇവിടെ വന്നിരുന്നെന്ന് ‍ഞാൻ പറഞ്ഞു. വന്നപ്പോ ഞാനകത്ത് കിടക്കുകയായിരുന്നു. ഇങ്ങനെയൊരാളെ എനിക്കറിയുമായിരുന്നില്ല. വന്നത് ബാലഭാസ്കറാണെന്ന് എനിക്കറിയില്ലായിരുന്നു. ഭാര്യയ്ക്ക് കരിക്കിൻഷേക്ക് വേണ്ടേ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവർക്ക് വേണ്ടെന്നും നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം അവർ വല്ലാതെ ക്ഷീണിച്ചിരിക്കുകയാണെന്നും പറഞ്ഞു. അവർ ഉറങ്ങുകയായിരുന്നു. ഞങ്ങൾക്ക് രണ്ട് പേർക്ക് തരാൻ പറഞ്ഞു. പക്ഷേ, അവര് രണ്ട് പേരും ഷേക്ക് വാങ്ങി പൈസ തന്നപ്പോൾ ഞാൻ ചെന്ന് കിടന്നു'', ഷംനാദ് മാധ്യമങ്ങളോട് പറയുന്നു.

അവർ വന്ന് കടയ്ക്ക് മുന്നിൽ വന്ന് വിളിച്ചപ്പോഴാണ് പുറത്തിറങ്ങിയതെന്നും ആരാണ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയതെന്നൊന്നും ശ്രദ്ധിച്ചില്ലെന്നും ഷംനാദ് വ്യക്തമാക്കി.

''ഹാർഡ് ഡിസ്ക് ആർക്കും കൊടുക്കരുതെന്ന് പൊലീസ് വന്ന് പറഞ്ഞു. ബാലഭാസ്കർ മരിച്ച് രണ്ട് ആഴ്ച കഴി‍ഞ്ഞപ്പോൾ പൊലീസ് വന്ന് മൊഴിയെടുത്തു. രാത്രി രണ്ട് മണിക്ക് ശേഷം വന്ന നീലക്കാറിലെ ബർമുഡയിട്ട ഒരാള് എന്ന് പറഞ്ഞപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്'', ഷംനാദ് പറയുന്നു.

സിസിടിവി താൻ പിന്നെ നോക്കിയിട്ടില്ല. പൊലീസുകാർ രണ്ട് മാസം മുമ്പ് വന്ന് സിസിടിവി ദൃശ്യം ശേഖരിച്ചു കൊണ്ടുപോയി. മുപ്പത് ദിവസത്തെ സ്റ്റോറേജ് മാത്രമേ ഈ സിസിടിവി ഹാർഡ് ഡിസ്കിനുള്ളൂ. അത് സാരമില്ല, ഫോറൻസിക് പരിശോധനയിൽ പൊലീസുകാർ ദൃശ്യം എടുത്തുകൊള്ളുമെന്ന് ഡിവൈഎസ്‍പി ഹരികൃഷ്ണൻ പറഞ്ഞു. അതല്ലാതെ വേറെ ആരും വന്നിട്ടില്ലെന്നും ഷംനാദ് പറഞ്ഞു.

കടയുടമ മൊഴിമാറ്റുമ്പോൾ ദുരൂഹതയേറുന്നു

സിസിടിവി ദൃശ്യങ്ങൾ അപകടമുണ്ടായി അന്വേഷണം തുടങ്ങിയ ശേഷം സ്വർണക്കടത്ത് കേസ് പ്രതിയായ പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്നാണ് ജ്യൂസ് കട ഉടമയായ ഷംനാദ് പൊലീസിന് നേരത്തേ മൊഴി നൽകിയത്. ഡിവൈഎസ്‍പി ഹരികൃഷ്ണൻ ഉൾപ്പെട്ട ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളിൽ നിന്ന് മൊഴിയെടുത്തത്. വാഹനമോടിച്ച അർജുൻ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ കേരളം വിട്ടതിന് പിന്നാലെ, പ്രകാശ് തമ്പി സിസിടിവി ഹാർഡ് ഡിസ്ക് എടുത്തുകൊണ്ടുപോയെന്ന മൊഴി ലഭിച്ചതും അത് ഉടനടി മാറ്റിപ്പറഞ്ഞതും കേസിലെ ദുരൂഹത കൂട്ടുകയാണ്. 

കേസിൽ ആറ്റിങ്ങൽ പൊലീസ് അന്വേഷണം തുടങ്ങിയ ശേഷമാണ് പ്രകാശ് തമ്പി എത്തിയതെന്നും സിസിടിവി ഹാർഡ് ഡിസ്ക് കൊണ്ടുപോയതെന്നുമാണ് ഷംനാദ് പൊലീസിന് നേരത്തേ മൊഴി നൽകിയത്. ബാലഭാസ്കറിന്‍റെ മരണം നടന്ന് മാസങ്ങൾക്ക് ശേഷമാണ് സംഗീതജ്ഞനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രകാശ് തമ്പി, വിഷ്ണു എന്നിവർ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നത്. 

ഇതേത്തുടർന്ന് ബാലഭാസ്കറിന്‍റെ മരണവുമായി സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണിയടക്കം രംഗത്തെത്തി. ക്രിമിനൽ കേസിൽ പ്രതികളായ പ്രകാശ് തമ്പിയുടെയും വിഷ്ണുവിന്‍റെയും നിർബന്ധപ്രകാരമാണ് ഡ്രൈവറായി അർജുനെ ബാലഭാസ്കർ നിയമിച്ചതെന്നും അച്ഛൻ ഉണ്ണി ആരോപിച്ചു. അപകടത്തിന് രണ്ട് മാസം മുമ്പ് മാത്രമാണ് ബാലഭാസ്കറിന്‍റെ ഡ്രൈവറായി അർജുനെത്തിയത്. ഇതിന് ശേഷമാണ് രണ്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ് അർജുനെന്ന് അറിയുന്നതെന്നും ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണി പറയുന്നു. 

അപകടമുണ്ടായി ബാലഭാസ്കറിന്‍റെ കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പ്രകാശ് തമ്പിയാണ് കാര്യങ്ങളെല്ലാം നിയന്ത്രിച്ചതെന്നാണ് അദ്ദേഹത്തിന്‍റെ ബന്ധു പ്രിയ വേണുഗോപാൽ ആരോപിച്ചത്. ബന്ധുക്കളെ ലക്ഷ്മിയെ കാണാൻ അനുവദിച്ചില്ലെന്നും പ്രകാശ് തമ്പിയുടെ പക്കലായിരുന്നു ഇവരുടെ ഫോണും എടിഎം കാർഡുമുൾപ്പടെയുള്ള എല്ലാ വസ്തുക്കളുമെന്നും പ്രിയ വേണുഗോപാൽ ആരോപിച്ചിരുന്നു. എല്ലാ വിവരങ്ങളും പ്രകാശ് തമ്പി പാലക്കാട്ടെ ആയുർവേദ ആശുപത്രി ഉടമ ലത എന്ന സ്ത്രീയ്ക്കാണ് കൈമാറിയിരുന്നതെന്നും ബന്ധുക്കളോട് ഒന്നും പറഞ്ഞിരുന്നെന്നും പ്രിയ വേണുഗോപാൽ ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios