ബാലഭാസ്കറിന്‍റേത് അപകടമരണം തന്നെയാണ്, ഇപ്പോൾ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമെന്ന് പ്രകാശ് തമ്പി ഏഷ്യാനെറ്റ് ന്യൂസിനോട്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു പ്രതികരണം.

കൊച്ചി: ബാലഭാസ്കറിന്‍റെ മരണം അപകടമരണം തന്നെയാണെന്ന് പ്രകാശ് തമ്പി. ഇപ്പോൾ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമാണ്. സ്വർണക്കടത്തുമായി ബാലഭാസ്കറിന്‍റെ മരണത്തിന് ഒരു ബന്ധവും ഇല്ലെന്ന് പ്രകാശ് തമ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടം ഉണ്ടായപ്പോൾ ഒരു സഹോദരനെ പോലെ കൂടെ നിന്നു. അതാണോ താൻ ചെയ്ത തെറ്റെന്ന് പ്രകാശ് തമ്പി ചോദിച്ചു. അപകടത്തിൽ പെട്ട കാർ ഓടിച്ചത് അർജുൻ എന്നും പ്രകാശ് തമ്പി പറഞ്ഞു. ബാലഭാസ്കറിന്‍റെ മുൻ പ്രോഗ്രാം കോർഡിനേറ്റർ ആണ് പ്രകാശ് തമ്പി. 

ഇന്നലെ അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചത് ആരാണെന്നതില്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. കൊല്ലത്തെ കടയിൽ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവർ അർജുൻ ആയിരുന്നുവെന്നാണ് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. അതേസമയം ബാലഭാസ്കർ തന്നെയാണ് വാഹനം ഓടിച്ചതെന്നാണ് പ്രധാന സാക്ഷിയായ കെഎസ്ആ‌ർടിസി ഡ്രൈവർ അജി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി .

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 24-നുണ്ടായ റോഡപകടത്തില്‍ ഗുരുതര പരിക്കേറ്റ ബാലഭാസ്കര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബാലഭാസ്കറിന്‍റെ കുഞ്ഞും അപകടത്തിൽ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റു. മരണത്തിൽ ദുരൂഹതയുണ്ടെന്ന പിതാവ് ഉണ്ണിയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.