അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് പരാമർശമുള്ള ശബ്ദരേഖയാണ് പുറത്തുവിട്ടത്. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണം എന്ന നിർദേശമാണ് ശബ്ദരേഖയിലുള്ളത്.
തിരുവനന്തപുരം: വധഗൂഢാലോചനക്കേസിൽ ദിലീപിന്റെതെന്ന് (Dileep) സംശയിക്കുന്ന ശബ്ദരേഖ പുറത്ത്. നടൻ ദിലീപിനെതിരെ പുതിയ ശബ്ദരേഖ പുറത്ത് വിട്ടത് സംവിധായകൻ ബാലചന്ദ്രകുമാർ (Balachandra Kumar) ആണ്. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് പരാമർശമുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണം എന്ന നിർദേശമാണ് ശബ്ദരേഖയിലുള്ളത്.
ഈ ശബ്ദരേഖയുടെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഈ ശബ്ദ സംഭാഷണം 2017 നവംബർ 15ന് ഉള്ളതാണെന്ന് ബാലചന്ദ്രകുമാർ പറയുന്നു. ദിലീപ് അനുജന്‍ അനൂപിന് കൊടുക്കുന്ന നിര്‍ദേശമാണിതെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഗ്രൂപ്പിലിട്ട് എങ്ങനെ കൊല്ലണം എന്ന് ഒരു സിനിമയിലെ രംഗം കൂടി ഉദാഹരിച്ച് കൊണ്ടാണ് ദിലീപ് വിശദമാക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
അനൂപിന്‍റെ ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. ഒരാളെ കൊല്ലുമ്പോള്‍ എങ്ങനെ തെളിവ് നശിപ്പിക്കാം എന്നാണ് അനൂപ് പറയുന്നതെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ഓരോ അന്വേഷണ ഉദ്യോഗസ്ഥനെയും കൊല്ലേണ്ട രീതിയെ കുറിച്ചുള്ള കൂടുതൽ ശബ്ദരേഖ തന്റെ പക്കൽ ഉണ്ടെന്നും അന്ന് സംസാരിച്ച മുഴുവന്‍ കാര്യങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാറിന്‍റെ വിശദീകരണം. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ കൊല്ലാനുള്ള ഗൂഢാലോചന വ്യക്തമായി നടന്നു എന്നതിന്‍റെ തെളിവാണിതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്ന ഓഡിയോ കയ്യിലുണ്ടെന്ന് ബാലചന്ദ്രകുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ് നിലവില്‍ ഓഡിയോ പുറത്തുവിടാത്തത്. കോടതി വിധി വന്നതിന് പിന്നാലെ അത് പുറത്തുവിടുമെന്നും ഇന്നലെ പറഞ്ഞിരുന്നു.
നിര്‍ണ്ണായകമായ തെളിവാണിത്. ഇതും ശാപവാക്കാണെന്ന് കോടതി പറഞ്ഞാല്‍ ഒന്നും പറയാനില്ല. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെകുറിച്ചായിരുന്നു ഗൂഢാലോചന നടത്തിയത്. കേസിന്‍റെ ഗതിമാറ്റാന്‍ ദിലീപ് ശ്രമിക്കുകയാണ്. ജാമ്യം റദ്ദാക്കാതിരിക്കാനാണ് ദിലീപിന്‍റെ വാദം. ദിലീപിന് എന്തിനാണ് ഇത്രയും പരിഗണനയെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വാദം ഇത്രയും നീണ്ടു പോകുന്നത് ചരിത്രത്തിൽ ആദ്യമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
