2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വി ടി സൂരജിന് 16980 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം. സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ എം സച്ചിൻദേവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പതിറ്റാണ്ടുകളായി എൽഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ബാലുശ്ശേരിയിലെ ഈ അട്ടിമറി വിജയം യുഡിഎഫിന് നിർണായകമായി.

ബാലുശ്ശേരി: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയിൽ യുഡിഎഫ് സ്ഥാനാര്‍ഥി വി ടി സൂരജിന് വിജയം. 16980 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വി ടി സൂരജ് വിജയിച്ചത്. ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി വി ടി സൂരജ് 94804 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി കെ എം സച്ചിൻദേവ് 77824 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി സി പി സതീശൻ 17669 വോട്ടുകളും നേടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറ്റ് മണ്ഡലങ്ങളെ വച്ച് നോക്കുമ്പോള്‍ ഇത്തവണ ഇടതിലും വലതിലും യുവ സാന്നിധ്യങ്ങളാണ് ബാലുശ്ശേരിയില്‍ മത്സരത്തിരംഗത്ത് ഉണ്ടായിരുന്നത്. സിറ്റിങ് എംഎൽഎ കെ.എം. സച്ചിൻദേവിനെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരരംഗത്തിറക്കിയപ്പോള്‍ യുഡിഎഫിനുവേണ്ടി വിടി സൂരജാണ് രംഗത്ത് എത്തിയത്. 2001 മുതൽ യുഡിഎഫ് ഘടക കക്ഷികൾ മത്സരിക്കുന്ന ബാലുശ്ശേരി സീറ്റിലാണ് ഇത്തവണ കോൺഗ്രസ് മത്സരിച്ചത്. സി പി സതീശനായിരുന്നു എൻഡിഎയുടെ സ്ഥാനാർഥി.

കൊയിലാണ്ടി താലൂക്കിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കൊട്ടൂർ, നടുവണ്ണൂർ, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം എന്നീ ഒൻപത് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ നിയോജക മണ്ഡലം. സംവരണമാകുന്നതിന് മുൻപ് കോൺഗ്രസും സോഷ്യലിസ്റ്റ് പാർട്ടികളും വിജയിച്ച ബാലുശ്ശേരി മണ്ഡലം, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി എൽഡിഎഫിന്‍റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ ഉറച്ച കോട്ട ആയിരുന്നു. 2011ൽ മണ്ഡലം പട്ടികജാതി സംവരണമായതോടെ ഇടതുപക്ഷം തങ്ങളുടെ സ്വാധീനം ശക്തമാക്കുകയായിരുന്നു. മുതിർന്ന നേതാവ് പുരുഷൻ കടലുണ്ടി 2011-ലും 2016-ലും ഇവിടെ നിന്ന് വിജയിച്ചിരുന്നു. 2021ൽ കെഎം സച്ചിൻ ദേവായിരുന്നു മണ്ഡലത്തിൽനിന്ന് വിജയിച്ച് നിയമസഭയിൽ എത്തിയത്. 20,372 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ധർമജൻ ബോൾഗാട്ടിയെ സച്ചിൻദേവ് പരാജയപ്പെടുത്തിയത്.

ഇടതുകോട്ടയാണ് ബാലുശ്ശേരിയെങ്കിലും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് പിന്നോട്ടടിയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കാക്കിയാൽ കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ ഒൻപതും യുഡിഎഫിനൊപ്പമായിരുന്നു. നാദാപുരം, ബേപ്പൂർ, കോഴിക്കോട് നോർത്ത്, എലത്തൂർ മണ്ഡലങ്ങൾ മാത്രമാണ് എൽഡിഎഫിന് കൈപ്പിടിയിലാക്കാൻ സാധിച്ചത്. തദ്ദേശതിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് കാഴ്ചവെച്ച മികച്ച പ്രകടനവും ഭരണവിരുദ്ധവികാരവും തങ്ങൾക്ക് അനുകൂലതരംഗം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം സിറ്റിങ് എംഎൽഎ കെ.എം. സച്ചിൻദേവിനെത്തന്നെ മുൻനിർത്തി ബാലുശ്ശേരി മണ്ഡലം നിലനിർത്തുക എന്നത് തന്നെയായിരുന്നു എല്‍ഡിഎഫ് ലക്ഷ്യമിട്ടത്. അതുകൊണ്ട് തന്നെ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നേരിട്ടുള്ള പോരാട്ടം നടന്ന മണ്ഡലമാണ് ബാലുശ്ശേരി.