തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരക്ക് നിലവിൽ വന്ന വിലക്ക് അര്‍ദ്ധരാത്രി ഒന്നരയോടെയാണ് നീക്കിയത്. ദില്ലിയിലെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയിൽ 1994 ലെ കേബിൾ ടെലിവിഷൻ നെറ്റ്‍വര്‍ക്ക് നിയമത്തിന്‍റെ ലംഘനം ആരോപിച്ചായിരുന്നു  ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വൺ ചാനലിനും വിലക്ക് ഏർപ്പെടുത്തിയത് . 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്ക്, മീഡിയാ വണിന്‍റ വിലക്ക് ഇന്ന് രാവിലെ ഒമ്പതരയോടെ നീക്കി. 

ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണിനും ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ വ്യാപക പ്രതിഷേധമാണ് രാഷ്ട്രീയ സാമൂഹിക മാധ്യമ മേഖലകളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ഉയര്‍ന്ന് വന്നത്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തുന്നത് ഫാസിസ്റ്റ് രീതിയാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

"

ഏഷ്യാനെറ്റ് ന്യൂസിനേയും മീഡിയാവണിനേയും വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അപലപിച്ചു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഹീന ശ്രമമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. സംഭവത്തിൽ കേരള പത്ര പ്രവര്‍ത്തകയൂണിയനും കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.