ഗുവാഹത്തി: ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള ഭേദഗതിയോടെ പൗരത്വനിയമം കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മൊമന്‍ ഇന്ത്യന്‍ സദര്‍ശനം റദ്ദാക്കി. എന്തു സാഹചര്യത്തിലാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയത് എന്ന് വ്യക്തമല്ല. 

ഡിസംബര്‍ 12 മുതല്‍ 14 വരെയാണ് എകെ അബ്ദുള്‍ മൊമന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരുന്നത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന അഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തള്ളി നേരത്തെ മൊമന്‍ രംഗത്ത് വന്നിരുന്നു. ബംഗ്ലാദേശില്‍ ഒരു ദിവസം വന്നു താമസിച്ചാല്‍ ബംഗ്ലാദേശ് എത്രത്തോളം മതേതരമാണെന്ന് അമിത് ഷായ്ക്ക് മനസിലാക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അതിനിടെ സംഘര്‍ഷം തുടരുന്ന അസമില്‍ ഉന്നത പൊലീസുദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. അസമിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മുകേഷ് അഗര്‍വാളിനെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. അസമില്‍ മുഖ്യമന്ത്രിയുടെ വസതിയടക്കം ബിജെപി-അസം ഗണം പരിഷത്ത് നേതാക്കളുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് നടന്നത്.

അസമില്‍  ഇന്‍റര്‍നെറ്റ് സേവനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം അടുത്ത രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.  ഗുവാഹത്തി വിമാനത്താവളത്തിൽ നിരവധി യാത്രക്കാർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഗുവാഹത്തിയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ പലതും നിര്‍ത്തി വച്ചിരിക്കുകയാണ്. അനിശ്ചിതകാലത്തേക്ക് ഗുവാഹത്തിയില്‍ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും  പ്രതിഷേധ പ്രകടനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് വിവരം.