തിരുവനന്തപുരം: ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്. ഒരു രാഷ്ട്രീയ പാർട്ടിയും ചേർന്ന് ഗൂഡാലോചന നടത്തിയിട്ടില്ല. കോൺഗ്രസുകാർ തന്നെയും കുടുംബത്തെയും വേട്ടയാടി. ബാർ ലൈസൻസ് കുറയ്ക്കാൻ കോൺഗ്രസ് നേതാക്കൾക്കും കെപിസിസി ഓഫീസിലും 20 കോടി പിരിച്ചുനൽകിയെന്നും അദ്ദേഹം പറഞ്ഞു.

ജീവന് വരെ ഭീഷണിയുണ്ട്. ആരോപണം ഉന്നയിച്ചതിന്റെ പേരിൽ കോടികളാണ് തനിക്ക് നഷ്ടമായത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബജറ്റ് കച്ചവടമായിരുന്നു. ഈ സർക്കാരിന്റെ കാലത്ത് അങ്ങനെത്തെ പ്രശ്നങ്ങളില്ല. ഇനി ജോസ് കെ മാണി വന്ന ശേഷം എന്താകുമെന്ന് അറിയില്ല. ബാർ ലൈൻസസ് കുറയ്ക്കാൻ 20 കോടിയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിരിച്ചത്. മന്ത്രിയായിരുന്ന വിഎസ് ശിവകുമാറിനും കെപിസിസി ഓഫീസിലും രമേശ് ചെന്നിത്തലയ്ക്കും ആ പണം എത്തിച്ചു. കോൺഗ്രസുമായി ധാരണയുണ്ടെങ്കിൽ ഇത് പറയുമായിരുന്നോ എന്നും ബിജു രമേശ് ചോദിച്ചു. അസ്ഥിവാരം തോണ്ടുമെന്ന് കെ ബാബു പറഞ്ഞു. ഗോകുലം ഗോപാലനോടാണ് പറഞ്ഞത്. ജോസ് കെ മാണി കച്ചവട രാഷ്ട്രീയം നടത്തുന്നയാളാണെന്നും ബിജു ആരോപിച്ചു.

ബാർ കോഴ ആരോപണത്തിൽ ഏത് കേന്ദ്ര ഏജൻസിയെ വെച്ചും അന്വേഷണം നടത്തട്ടെ. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോർട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും. ആരോപണത്തിന് ശേഷം ചർച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ എന്നിവരുമായാണ്. കേസില്ലായിരുന്നുവെങ്കിൽ കെഎം മാണി മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആരോപണത്തിന് ശേഷം പിസി ജോർജ്ജ് ഒരു തവണ വിളിച്ചു. തനിക്ക് സുകേശനെയോ ജേക്കബ് തോമസിനെയോ അറിയില്ലെന്നും ബിജു രമേശ് പ്രതികരിച്ചു.