ഇരുന്നൂറോളം വരുന്ന അഭിഭാഷക സംഘം തന്‍റെ ഡയസിനു മുന്നില്‍ അസഭ്യം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയെന്ന് വ്യക്തമാക്കിയുളള റിപ്പോര്‍ട്ട് വനിതാ സിജെഎം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയിരുന്നു

കോട്ടയം: കോട്ടയത്ത് വനിതാ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകർ അസഭ്യം നിറഞ്ഞ മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവം അന്വേഷിക്കാൻ ബാർ കൗൺസിൽ സമിതി. അഡ്വ കെപി ജയചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണ സമിതിയിയെ നിയോഗിച്ചത്. അഭിഭാഷകരായ കെകെ നസീർ, സുദർശന കുമാർ , കെആർ രാജ്‌കുമാർ, മുഹമ്മദ് ഷാ എന്നിവരും അടങ്ങുന്നതാണ് സമിതി. കോട്ടയത്ത് നേരിട്ടെത്തി സമിതി തെളിവെടുപ്പ് നടത്തും. തുടർന്ന് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ തീരുമാനിക്കുമെന്ന് ബാർ കൗൺസിൽ അറിയിച്ചു. വ്യാജരേഖയുണ്ടാക്കി പ്രതി ജാമ്യം നേടിയ സംഭവത്തിൽ അഭിഭാഷകനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് അഭിഭാഷകർ നടത്തിയ പ്രകടനത്തിലായിരുന്നു വനിതാ സിജെഎം ന് എതിരെ അശ്ലീല മുദ്രാവാക്യങ്ങൾ മുഴക്കിയത്. ഇരുകൂട്ടർക്കുമിടയിൽ സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ഉള്ള നീക്കങ്ങളും നടക്കുന്നുണ്ട്. 

ഇരുന്നൂറോളം വരുന്ന അഭിഭാഷക സംഘം തന്‍റെ ഡയസിനു മുന്നില്‍ അസഭ്യം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയെന്ന് വ്യക്തമാക്കിയുളള റിപ്പോര്‍ട്ട് വനിതാ സിജെഎം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയിരുന്നു. രജിസ്ട്രാറുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സിജെഎം ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതി കിട്ടിയാല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ജൂനിയര്‍ അഭിഭാഷകരുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനമാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയതെന്ന നിലപാടിലാണ് മുതിര്‍ന്ന അഭിഭാഷകര്‍. മുതിര്‍ന്ന അഭിഭാഷകന്‍ എം.പി. നവാബിനെതിരെ എടുത്ത കേസ് റദ്ദാക്കാനുളള നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കോടതികള്‍ ബഹിഷ്കരിച്ചു കൊണ്ടുളള പ്രതിഷേധത്തിലേക്ക് നീങ്ങുന്നതിനെ കുറിച്ചും അഭിഭാഷകര്‍ ആലോചിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്