Asianet News MalayalamAsianet News Malayalam

ബത്തേരി കോഴക്കേസ്: ശബ്ദ പരിശോധന കേന്ദ്ര ലാബില്‍ നടത്തണമെന്ന ആവശ്യവുമായി കെ. സുരേന്ദ്രന്‍ കോടതിയില്‍

തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലായിരിക്കും ശബ്ദ സാമ്പിളുകളുടെ പരിശോധന നടക്കുക. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും വിശ്വാസ്യതയില്ലെന്നുമാണ് കെ. സുരേന്ദ്രന്റെ നിലപാട്.
 

Bathery bribery case: Sound test should conduct in Central Lab;  K Surendran  in court
Author
Kalpetta, First Published Oct 27, 2021, 9:27 PM IST

കല്‍പറ്റ: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എന്‍ഡിഎ (NDA) നേതാക്കള്‍ക്ക് എതിരെ ഉയര്‍ന്ന സുല്‍ത്താന്‍ ബത്തേരി കോഴക്കേസുമായി (Bribery case) ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ഫോറന്‍സിക് ലബോറട്ടറിയില്‍ (Forencic Lab)  നടത്തണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ (K Surendran)  കോടതിയെ സമീപിച്ചു. അഭിഭാഷകന്‍ മുഖേനയാണ് സുരേന്ദ്രന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹരജി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച ഹര്‍ജി കോടതി പരിഗണിക്കും. വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

നിലവില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലായിരിക്കും ശബ്ദ സാമ്പിളുകളുടെ പരിശോധന നടക്കുക. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും വിശ്വാസ്യതയില്ലെന്നുമാണ് കെ. സുരേന്ദ്രന്റെ നിലപാട്. കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 11ന് സുരേന്ദ്രനും കേസിലെ മുഖ്യസാക്ഷി പ്രസീത അഴീക്കോടും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിള്‍ നല്‍കിയിരുന്നു. കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹരജിയെ തുടര്‍ന്നായിരുന്നു ഉത്തരവ്. 

ശബ്ദ സാമ്പിള്‍ ശേഖരിച്ച് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധന നടത്താന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്തെ ലാബുകളേക്കാള്‍ വിശ്വാസ്യത കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ഫോറന്‍സിക് ലാബുകള്‍ക്കാണെന്നും സംസ്ഥാനത്തെ ലാബുകളില്‍ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയിലെത്തിയിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകന്‍ സുരേന്ദ്രന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. കേസില്‍ ജാനുവിനോടും ബി.ജെ.പി വയനാട് ജില്ല ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനോടും നവംബര്‍ അഞ്ചിന് ശബ്ദ സാമ്പിള്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios