ബത്തേരി സ്വദേശിയെ ആക്രമിച്ചതിന് പിന്നിലും നൗഷാദിന് ബന്ധമെന്ന് ആരോപണം. ഹേമചന്ദ്രനെ കൊലപ്പെടുത്തിയതിന് സമാനമായിട്ടാണ് തന്‍റെ സഹോദരനെ ആക്രമിച്ചതെന്ന് ബത്തേരി സ്വദേശി മോബിഷ്.

സുൽത്താൻ ബത്തേരി: ഹേമചന്ദ്രൻ വധക്കേസ് പ്രതി നൗഷാദിനെതിരെ വീണ്ടും ആരോപണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശിയെ ആക്രമിച്ചതിന് പിന്നിലും നൗഷാദിന് ബന്ധമെന്ന് ആരോപണം. ഹേമചന്ദ്രനെ കൊലപ്പെടുത്തിയതിന് സമാനമായിട്ടാണ് തന്‍റെ സഹോദരനെ ആക്രമിച്ചതെന്ന് ബത്തേരി സ്വദേശി മോബിഷ് പറഞ്ഞു.

വാഹനം വാടകയ്ക്ക് കൊടുത്തിട്ട് പിന്നീട് തട്ടിയെടുത്ത് വിൽക്കുന്ന സംഘം പിന്നിലുണ്ടെന്ന സംശയം പൊലീസിനുണ്ട്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന് സമാനമായ സംഭവം നൌഷാദിന് ബന്ധമുള്ള സംഘം മുൻപും ചെയ്തിട്ടുണ്ടെന്നാണ് ബത്തേരി സ്വദേശി മോബിഷിന്‍റെ വെളിപ്പെടുത്തൽ.

മോബിഷിന്‍റെ സഹോദരൻ മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്നു. അവിടെ നിന്ന് നാട്ടിലേക്ക് വന്നു. അതിനിടെയുണ്ടായ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഒരു സംഘം ആക്രമിക്കുകയായിരുന്നു. കാലും കയ്യും തല്ലിയൊടുക്കുകയാണ് ചെയ്തത്. എന്നിട്ട് വാഹനം മോഷ്ടിച്ചു. ഈ വാഹനം നൌഷാദിൽ നിന്ന് വാടകയ്ക്ക് എടുത്തതായിരുന്നു. വാഹനം നൌഷാദിന്‍റേതായിട്ടും വലിയ ആശങ്ക പ്രകടിപ്പിക്കാതിരുന്നതോടെ സംശയം തോന്നി. തങ്ങളുടെ മറ്റൊരു വാഹനം നൌഷാദ് തട്ടിയെടുക്കുകയും ചെയ്തെന്ന് മോബിഷ് പറയുന്നു.

അതേസമയം ഹേമചന്ദ്രനെ നൗഷാദ് വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ടെന്ന് അയൽവാസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നൗഷാദിനെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. ഹേമചന്ദ്രന്‍റേത് ആത്മഹത്യ ആണെന്നു നൗഷാദ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ തെളിവുകൾ കൂടി നിരത്തി ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.

ഇതിനു പുറമെ ഹേമചന്ദ്രനെ കൊല ചെയ്ത സുൽത്താൻ ബത്തേരിയിലെ വീട്ടിലും, മൃതദേഹം കുഴിച്ചിട്ട ചേരമ്പാടിയിലെ വനമേഖലയിലും നൗഷാദുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. അഞ്ചു ദിവസത്തേക്കാണ് നൗഷാദിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വിദേശത്തായിരുന്ന നൗഷാദ് വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞതിനു പിന്നാലെ ബംഗളുരു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്.

YouTube video player