Asianet News MalayalamAsianet News Malayalam

ബിബിസി ഡോക്യമെന്ററി പ്രദർശനം: കോഴിക്കോടും കോട്ടയത്തും തിരുവനന്തപുരത്തും സംഘർഷം

കോഴിക്കോട് ബീച്ചിലാണ് ഫ്രറ്റേർണിറ്റി പരിപാടി പ്രഖ്യാപിച്ചത്. എന്നാൽ പൊലീസ് അനുമതി വാങ്ങിയിരുന്നില്ല. പൊതുസ്ഥലമായതിനാലാണ് അനുമതി നൽകാതിരുന്നതെന്ന് പൊലീസ് പറഞ്ഞു

BBC Documentary Gujarat riot screening lead to clash in Kerala
Author
First Published Jan 25, 2023, 7:41 PM IST

തിരുവനന്തപുരം: വിവാദ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പ്രദർശനം പലയിടത്തും സംഘർഷത്തിന് വഴിവെച്ചു. കോഴിക്കോട് ഫ്രറ്റേണിറ്റി നടത്തിയ പരിപാടി കോഴിക്കോട് ബീച്ചിലും കോട്ടയം ജില്ലയിലെ വൈക്കത്ത് ഡിവൈഎഫ്ഐ നടത്തിയ പരിപാടിയും തിരുവനന്തപുരം വെള്ളായണിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പരിപാടിയും സംഘർഷത്തിൽ കലാശിച്ചു.

കോഴിക്കോട് ബീച്ചിലാണ് ഫ്രറ്റേർണിറ്റി പരിപാടി പ്രഖ്യാപിച്ചത്. എന്നാൽ പൊലീസ് അനുമതി വാങ്ങിയിരുന്നില്ല. പൊതുസ്ഥലമായതിനാലാണ് അനുമതി നൽകാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിപാടി നടത്തുമെന്ന് പറഞ്ഞ സമയത്തിന് മുൻപ് തന്നെ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനായി സംഘാടകരെത്തിയപ്പോൾ പൊലീസ് തടഞ്ഞു. ഇവർ കൊണ്ടുവന്ന ഉപകരണങ്ങൾ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. എല്ലാ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.

കോട്ടയം ജില്ലയിലെ വൈക്കത്താണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഡോക്യുമെന്ററി പ്രവർത്തനം നടത്താൻ നിശ്ചയിച്ചത്. എന്നാൽ പ്രദർശനം തടയാൻ ശ്രമമുണ്ടായി. ബിജെപി പ്രവർത്തകരാണ് പ്രദർശനം തടയാനെത്തിയത്. എന്നാൽ പരിപാടിക്ക് പൊലീസ് സുരക്ഷയുണ്ടായിരുന്നു. തുടർന്ന് പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 

തിരുവനന്തപുരം വെള്ളായണി ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിലാണ് ബിബിബി ഡോക്യൂമെന്ററി പ്രദർശനം ഉണ്ടായിരുന്നത്. യുവമോർച്ച പ്രവർത്തകരാണ് ഇവിടേക്ക് പ്രതിഷേധവുമായി വന്നത്. പൊലീസ് ഇവിടെ സംഘർഷ സാധ്യത മുന്നിൽ കണ്ടിരുന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ യുവമോർച്ചാ പ്രവർത്തകർ ശ്രമിച്ചു. പോലീസ് യുവമോർച്ചാ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. അതിനിടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. യുവമോർച്ചാ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യാനായിരുന്നു ശ്രമം. തുടർന്ന് പൊലീസും യുവമോർച്ചാ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

Follow Us:
Download App:
  • android
  • ios