വാഹനാപകടത്തെ തുടർന്ന് ട്രാഫിക് പോലീസിന്റെ നിർദ്ദേശാനുസരണം പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ദുരനുഭവം ഉണ്ടായതെന്ന് യുവാക്കളുടെ പരാതിയിൽ പറയുന്നു. 

കോഴിക്കോട്: പരാതി പറയാനെത്തിയ സഹോദരങ്ങളായ യുവാക്കളെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് പന്നിയങ്കര പോലീസിനെതിരെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവാക്കള്‍ പരാതി നല്‍കിയത്. പൊലീസ് അതിക്രമം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് പ്രകോപന കാരണമെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് ബലപ്രയോഗത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു.

വേങ്ങേരി സ്വദേശികളും സഹോദരങ്ങളുമായ മുഹമ്മദ് മുനീഫ്, സെയ്ത് മുഹമ്മദ് മുസ്തഫ എന്നിവരാണ് പന്നിയങ്കര പോലീസിനെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച കല്ലായിക്കു സമീപം തങ്ങള്‍ സഞ്ചരിച്ചിരുന്ന കാറും ഒരു സ്കൂട്ടറുമായി തട്ടി.

തുടര്‍ന്ന് സ്റ്റേഷനില്‍ എത്താന്‍ ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടു. സ്റ്റേഷനില്‍ എത്തി സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുകയും പരാതി ബോധിപ്പിക്കുകയും ചെയ്യുന്നതിനിടെ സ്കൂട്ടര്‍ യാത്രക്കാരനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് സ്കൂട്ടര്‍ യാത്രക്കാരന്‍റെ ഭാഗം ചേര്‍ന്ന് പൊലീസ് അധിക്ഷേപിക്കാന്‍ തുടങ്ങിയെന്ന് ഇവര്‍ പറയുന്നു. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതോടെയാണ് പൊലീസ് ബല പ്രയോഗം തുടങ്ങിയത്.

ഇരുവരുടെയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി സ്റ്റേഷനുളളില്‍ കയറ്റിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചതായും യുവാക്കള്‍ കമ്മീഷണര്‍ക്ക് നല്കിയ പരാതിയിലുണ്ട്. എന്നാല്‍ യുവാക്കള്‍ അപമര്യാദയായി പെരുമാറിയപ്പോള്‍ നിയന്ത്രിക്കുക മാത്രമാണ് ചെയ്തെന്നാണ് പന്നിയങ്കര പൊലീസിന്‍റെ വിശദീകരണം. കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം ഫറോഖ് എസിപി സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. 

Asianet News Live | Thiruvonam Bumper Result | Kerala Assembly | Malayalam News Live | Asianet News