പ്രാദേശിക പിന്തുണയില്ലാതെ കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ് നടക്കില്ല എന്ന നിഗമനത്തിലായിരുന്നു തുടക്കം മുതൽ പൊലീസ്. ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ഡോക്ടർമാരുടെ പങ്ക് ബലപ്പെട്ടത്.
കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിന് പിന്നിലുളളവരെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. കൊച്ചിയിലെയും മംഗലാപുരത്തെയും ഗൂണ്ടാസംഘങ്ങളുമായി ബന്ധമുളള രണ്ടുഡോക്ടര്‍മാരാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് സൂചന. ഈ ഗുണ്ടാസംഘങ്ങൾ വഴിയാണ് മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ ബന്ധപ്പെടുന്നത്.
പ്രാദേശിക പിന്തുണയില്ലാതെ കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ് നടക്കില്ല എന്ന നിഗമനത്തിലായിരുന്നു തുടക്കം മുതൽ പൊലീസ്. ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ഡോക്ടർമാരുടെ പങ്ക് ബലപ്പെട്ടത്. ബ്യൂട്ടി പാർലർ ഉടമ നടി ലീന മരിയാ പോളുമായി അടുപ്പമുളള ഡോക്ടറാണ് ഒരാൾ.
നടിയുടെ കൈയിൽ ആവശ്യത്തിൽ കൂടുതൽ പണമുണ്ടെന്ന് ഈ ഡോക്ടർ തന്‍റെ സുഹൃത്തായ മറ്റൊരു ഡോക്ടറോട് പറഞ്ഞു. പെരുന്പാവൂർ കേന്ദ്രീകരിച്ചുളള ഒരു ഗുണ്ടാസംഘവുമായി അടുപ്പമുളള രണ്ടാമത്തെ ഡോക്ടർ ഇക്കാര്യം അവരോട് സൂചിപ്പിച്ചു. തുടർന്ന് ഈ ഡോക്ടറും ഗുണ്ടാസംഘത്തിലെ ഒരാളും ചേർന്നാണ് ഗൂഡലോചന നടത്തിയത്.
മറ്റൊരു കേസിൽ മംഗലാപുരം ജയിലിൽ കഴിയുമ്പോൾ ഇവർ രവി പൂജാരിയുടെ സംഘത്തിൽപ്പെട്ടവരെ പരിചയപ്പെടുന്നു. തുടർന്ന് മംഗലാപുരം ജയിലിൽ വെച്ച് നടത്തിയ ആസൂത്രണത്തിനൊടുവിലാണ് രണ്ടംഗസംഘം ബ്യൂട്ടി പാലർറിലെത്തി വെടിയുതിർക്കുന്നത്. സംഭവത്തിനുമുന്പ് രവി പൂജാരി തന്നെ നടിയെ പല തലണ വിളിച്ച് ഭീഷണിപ്പെടുത്തി. എന്നാൽ ആവശ്യപ്പെട്ട 25 കോടി കിട്ടാതെവന്നതോടെയാണ് ബ്യൂട്ടിപാലർറിലെത്തി വെടിയുതിർത്തത്.
നടിയെ ഭയപ്പെടുത്തുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. ഡോക്ടർമാരുടെ പങ്ക് അന്വേഷണസംഘം തിരിച്ചറിഞ്ഞതോടെ ഇവർ ഒളിവിലാണ്. ഒരു ഡോക്ടറുടെ കൊല്ലത്തെ വീട്ടിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഇവർ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങൾക്ക് ജാഗ്രാത നിർദേശവും നൽകിയിട്ടുണ്ട്. രവി പൂജാരിയെ മുഖ്യപ്രതിയാക്കിയുളള ആദ്യ കുറ്റപത്രം നാളെ കൊച്ചിയിലെ കോടതിയിൽ സമർപ്പിക്കും.
