രവി പൂജാരിയുടെ കൂട്ടാളിയായ കാസർകോട് സ്വദേശിയും കൊല്ലം സ്വദേശിയായ ഡോക്ടറും വിദേശത്തേക്ക് കടന്നെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇരുവരെയും ഉടൻ കേസിൽ പ്രതിചേർക്കും.

കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ മുഖ്യ ആസൂത്രകർ വിദേശത്തേക്ക് കടന്നെന്ന് നിഗമനം. രവി പൂജാരിയുടെ കൂട്ടാളിയായ കാസർകോട് സ്വദേശിയും കൊല്ലം സ്വദേശിയായ ഡോക്ടറും വിദേശത്തേക്ക് കടന്നെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇരുവരെയും ഉടൻ കേസിൽ പ്രതിചേർക്കും. പ്രതികൾക്ക് വേണ്ടി ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.

കേസിൽ എറണാകുളം സ്വദേശികളായ രണ്ട് പേരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു ഇവരെ കൂടാതെ ഏഴോളം പേർ പൊലീസ് കസ്റ്റഡിയുലുണ്ടെന്നാണ് സൂചന. എറണാകുളം സ്വദേശികളായ ബിലാൽ, വിപിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അഞ്ച് ദിവസത്തേക്ക് പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്.

കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നാണ് രവി പൂ‍ജാരിയുടെ അടുത്ത അനുയായിയായ കാസർകോട് സ്വദേശിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്ന് ലീനാ മരിയാ പോൾ പരാതി നൽകുന്നതിന് മുമ്പ് തന്നെ പൊലീസിനെ അറിയിച്ച കൊല്ലം സ്വദേശി ഡോക്ടറെയും പ്രതിചേർക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. ഇവർ രണ്ടു പേരും വിദേശത്തേക്ക് കടന്നുവെന്നാണ് നിഗമനം

ആക്രമണം നടത്തിയതിന് ശേഷം ബിലാലും ബിപിനും പല തവണ കാസർകോട് എത്തിയെന്നും പ്രതികള്‍ക്കെതിരെ നേരത്തെയും കേസുകള്‍ ഉണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു. മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസർകോട് സംഘമാണ് ഇവരെ ക്വട്ടേഷൻ ഏൽപ്പിച്ചതെന്നാണ് ക്രൈബ്രാഞ്ച് ഭാഷ്യം. 

കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെച്ചത്. പിന്നാലെ താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിനെ വിളിച്ചിരുന്നു. നടി ലീന മരിയ പോളിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിർത്തതെന്നുമാണ് ക്രൈംബ്രാ‌ഞ്ചിന്‍റെ കണ്ടെത്തൽ.