Asianet News MalayalamAsianet News Malayalam

രവിപൂജാരിക്ക് വേണ്ടി കേരളത്തിൽ പ്രവർത്തിച്ച ഇടനിലക്കാരനെ കണ്ടെത്താൻ അന്വേഷണ സംഘം

നടി ലീന മരിയ പോളിനെ ഭീഷണിപെടുത്തി പണം തട്ടിയെടുക്കാൻ പദ്ധതിയിട്ട സൂത്രധാരന്‍റെ പേര് രവി പൂജാരി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയെന്നാണ് വിവരം

beauty parlour case kochi ravi pujari updates
Author
Kochi, First Published Jun 4, 2021, 1:24 PM IST

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ അധോലോക കുറ്റവാളി രവിപൂജാരിക്കായി കേരളത്തിൽ പ്രവർത്തിച്ച ഇടനിലക്കാരനെ കണ്ടെത്താൻ അന്വേഷണ സംഘം. നടി ലീന മരിയ പോളിനെ ഭീഷണിപെടുത്തി പണം തട്ടിയെടുക്കാൻ പദ്ധതിയിട്ട സൂത്രധാരന്‍റെ പേര് രവി പൂജാരി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയെന്നാണ് വിവരം. കാസർക്കോട്ടെ ബേവിഞ്ച വെടിവയ്പ്പ് കേസിലും രവിപൂജാരി കുറ്റം സമ്മതിച്ചു.

അധോലോക കുറ്റവാളി രവി പൂജാരിയെ രണ്ടാം ദിവസവും തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.  കാസർകോട്, പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ നേതാവ് പറഞ്ഞതനുസരിച്ചാണ് നടി ലീന മരിയ പോളിനെ വിളിച്ച് ഭീക്ഷണിപ്പെടുത്തിയെതെന്നാണ് രവിപൂജാരിയുടെ മൊഴി. നടിയുടെ പക്കലുള്ള 25 കോടി രൂപയുടെ ഹവാല പണം തട്ടിയെടുക്കാനായിരുന്നു പദ്ധതി. എന്നാൽ വെടിവയ്പ്പ് ആസുത്രണം ചെയ്തത് താനെല്ലെന്ന് രവിപൂജാരി അന്വേഷണ സംഘത്തോട് പറഞ്ഞു. കേരളത്തിലെ ആരുമായും നേരിട്ട് ബന്ധമില്ല. 

കൊച്ചിയിൽ ഇടനിലക്കാരനായി ഒരാൾ പ്രവർത്തിക്കാതെ ഇത്തരമൊരു ഓപ്പറേഷൻ രവിപൂജാരിക്ക് നടത്താനാവില്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘവും. രവി പൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാസർകോട്, പെരുന്പാവൂർ, മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങളിലെ ചിലരെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യും. കേസിൽ പിടികിട്ടപുള്ളികളായ ഡോ. അജാസ്, നിസാം സലീം എന്നിവരും ആസൂത്രണത്തിൽ പങ്കാളികളാണ്. ഇവരെകുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. കാസർകോട് ബേവിഞ്ചയിലെ മരാമത്ത് കരാറുകാരൻ എം.ടി മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിവയ്പ്പ് നടത്തിയ കേസിലും രവി പൂജാരി കുറ്റം സമ്മതിച്ചു. ഈ കേസിലും ക്രൈംബ്രാഞ്ച് പൂജാരിയെ പ്രതി ചേർത്തിരുന്നു. 

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പിസി ജോർജ് എന്നിവരെ വിളിച്ച് വധ ഭീഷണി മുഴക്കിയ കേസിലും രവി പൂജാരിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. കാസർകോടും കടവന്ത്രയിലെ ബ്യൂട്ടി പാർലറിലും തെളിവെടുപ്പിന് കൊണ്ടുപോകണം. ഇത് ചൂണ്ടിക്കാട്ടി പ്രതിയെ അന്വേഷണ സംഘം കൂടുതൽ ദിവസം കസ്റ്റഡിയിൽ ചോദിച്ചേക്കും. ഈ മാസം എട്ട് വരെയാണ് എറണാകുളം അഡീഷണൽ സിജെഎം കോടതി രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടത്. 

Follow Us:
Download App:
  • android
  • ios