Asianet News MalayalamAsianet News Malayalam

'ഞാനും ആത്മഹത്യ ചെയ്യും', 'ദേശാഭിമാനി' അപവാദ പ്രചാരണം നടത്തുന്നെന്ന് സാജന്‍റെ ഭാര്യ

കുടുംബപ്രശ്നങ്ങളുള്ളതായി മകൾ മൊഴി നൽകിയെന്ന് വരെ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണ്. സാജൻ സ്നേഹിച്ച പാർട്ടി പ്രവർത്തകർ തന്നെയാണ് ഈ അപവാദം പ്രചരിപ്പിക്കുന്നത് - ബീന. 

beena against the defamatory story published in deshabhimani
Author
Anthoor Municipality, First Published Jul 13, 2019, 8:02 PM IST

കണ്ണൂർ: സത്യം തുറന്ന് പറഞ്ഞതിന്‍റെ പേരിൽ തന്‍റെയും കുടുംബത്തിന്‍റെയും പേരിൽ വ്യാപകമായി അപവാദ പ്രചാരണങ്ങൾ നടക്കുകയാണെന്ന് ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യ ബീന. കൺവെൻഷൻ സെന്‍ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള വാർത്ത സിപിഎം പാർട്ടി മുഖപത്രമായ 'ദേശാഭിമാനി' പ്രസിദ്ധീകരിച്ചിരുന്നു. വലിയ മാനസിക സമ്മർദ്ദത്തിലാണ് താനെന്നും, ഇത് തുടർന്നാൽ കുട്ടികളെയും കൊണ്ട് താനും ആത്മഹത്യ ചെയ്യുമെന്നും ബീന പറഞ്ഞു. സാജന്‍റെ രണ്ട് മക്കളെയും കൂട്ടിയായിരുന്നു ബീന മാധ്യമങ്ങളെ കണ്ടത്. 

സാജന്‍റെ ഫോണിൽ നിന്നുള്ള കോളുകൾ ചെയ്തത് താനാണെന്ന് മകൻ പറഞ്ഞു. കൂട്ടുകാരോടൊപ്പം കോൺഫറൻസ് ഗെയിം കളിക്കാറുണ്ട്. അതിനായി വിളിക്കാറുണ്ട്. ആ കോളുകളെയാണ് മറ്റ് പേരുകളിൽ പ്രചരിപ്പിക്കുന്നതെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം വഴി തിരിച്ചു വിടുകയെന്നതാണ് ഇത്തരം വാർത്തകളുടെ ലക്ഷ്യം. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി മകൾ മൊഴി നൽകിയെന്ന് വരെ വ്യാജ വാർത്ത വന്നുവെന്നും ബീന പറഞ്ഞു. ഇത്തരമൊരു മൊഴിയും താൻ ആർക്കും നൽകിയിട്ടില്ലെന്ന് മകളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

''എനിക്കിനി ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല. എത്ര കാലമാണ് ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് ഞാൻ ജീവിക്കുക? എന്നെ ഈ ഗതിയിലാക്കിയവരാണ് ഇതിനെല്ലാം പിന്നിൽ. അന്വേഷണം മുന്നോട്ടു പോകുന്നതിനിടെ, ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യമെന്താണ്? കൃത്യമായി എന്താണുണ്ടായത് എന്ന് മാത്രമാണ് മോള് മൊഴി നൽകിയത്. എന്നാലിപ്പോൾ അവൾ പറയാത്ത എന്തൊക്കെയോ ആണ് ചില മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. മോള് അത് കണ്ടു, ഇത് കണ്ടു ... എന്ന തരത്തിലൊക്കെ.. പറയാത്ത എന്തൊക്കെയോ ഇവരെങ്ങനെയാ പറയുന്നത് അമ്മേ എന്ന് അവളെന്നോട് ചോദിക്കുന്നു. ഞാനെന്ത് മറുപടി പറയും?'', ബീന ചോദിക്കുന്നു. 

സാജന്‍റെ ഫോണിലേക്ക് വന്ന ഫോൺകോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നതെന്നും, സാജന്‍റെ പേരിലേക്ക് 2400 തവണ മൻസൂർ എന്നയാൾ വിളിച്ചെന്നും, വിളിച്ചയാൾ എല്ലാം സമ്മതിച്ചെന്നുമായിരുന്നു ദേശാഭിമാനിയുടെ വാർത്ത. സാജന്‍റെ ആത്മഹത്യക്ക് തൊട്ടുമുമ്പും ഈ സിമ്മിൽ നിന്ന് വിളിച്ചെന്നും വാർത്തയിൽ പറയുന്നു. 

beena against the defamatory story published in deshabhimani

'രാഷ്ട്രദീപിക' പത്രവും സമാനമായ രീതിയിൽ വാർത്ത നൽകിയിരുന്നു. സാജന്‍റെ സിമ്മിലേക്ക് തുടർച്ചയായി വിളിച്ചയാളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പത്രത്തിലെ വാർത്തയിൽ പറയുന്നു. 

beena against the defamatory story published in deshabhimani

 

Follow Us:
Download App:
  • android
  • ios