കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടന വൈകുന്നതിൽ പ്രതിഷേധിച്ച് 30 കോൺഗ്രസ് എംഎൽഎമാർ ദില്ലിയിലെത്തി. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇതുവരെ അവസരം ലഭിക്കാത്തവർക്ക് മന്ത്രിസ്ഥാനം നൽകണമെന്ന് എംഎൽഎമാർ ആവശ്യപ്പെടുന്നു.
ബെംഗളൂരു: മന്ത്രിസഭാ പുനസംഘടന വൈകുന്നതിൽ എതിർപ്പറിയിക്കാൻ 30 കോൺഗ്രസ് എംഎൽഎമാർ ദില്ലിയിലെത്തി. മന്ത്രിസഭാ പുനഃസംഘടനയ്ക്കും മന്ത്രിസഭയിൽ സ്ഥാനത്തിനും വേണ്ടി ഹൈക്കമാൻഡിനുമേൽ സമ്മർദ്ദം ശക്തമാക്കാനാണ് എംഎൽഎമാർ ദില്ലിയിൽ എത്തിയത്. നിരവധി എംഎൽഎമാർ ഇതിനകം കർണാടക ഭവനിൽ തമ്പടിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. എംഎൽഎമാർ കെ.സി. വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല എന്നിവരുൾപ്പെടെയുള്ള മുതിർന്ന എ.ഐ.സി.സി നേതാക്കളുമായി ചർച്ച നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താൻ പ്രതിനിധി സംഘം ശ്രമിക്കുന്നു. മാർച്ചിൽ ആദ്യം നടന്ന യോഗത്തിന് ശേഷമാണ് ഈ നീക്കം. കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടനയ്ക്കായി സംയുക്തമായി സമ്മർദ്ദം ചെലുത്താൻ ഒരുവിഭാഗം തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. നിരവധി നേതാക്കൾ ഇതിനകം ഒന്നിലധികം തവണ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ടെന്നും എന്നാൽ മറ്റ് പലർക്കും ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്നും എംഎൽഎമാർ പറയുന്നു. ഇതുവരെ മന്ത്രിപദം ലഭിക്കാത്തവർക്ക് അവസരങ്ങൾക്കായി പ്രതിനിധി സംഘം സമ്മർദ്ദം ചെലുത്തുമെന്ന് എംഎൽഎ ബേലൂർ ഗോപാലകൃഷ്ണ പറഞ്ഞു.
മൂന്നോ, നാലോ, അഞ്ചോ തവണ അവസരം ലഭിച്ച നേതാക്കളുണ്ട്. ഇതുവരെ അവസരം ലഭിക്കാത്തവർക്ക് അവസരം നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു എംഎൽഎയായ അശോക് പട്ടാനും പുനസംഘടന ആവശ്യപ്പെട്ടു. മന്ത്രിസഭ എത്രയും വേഗം പുനഃസംഘടിപ്പിക്കണമെന്നും ഞങ്ങളെപ്പോലുള്ള മുതിർന്ന അംഗങ്ങൾക്ക് അവസരം നൽകണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിന് ശേഷം മാറ്റങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും ഇതുവരെ പുനസംഘടന നടപ്പാക്കിയിട്ടില്ല. മന്ത്രിസഭാ വികസനം കൂടി എംഎൽഎമാർ ആവശ്യപ്പെടുന്നുണ്ട്. മന്ത്രിമാരുടെ എണ്ണം 25 ആയി വർധിപ്പിക്കണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു.
