'അന്ന് സംഗീത നാടക അക്കാദമിക്കെതിരെയോ ചെയർപേഴ്സൺ കെപിഎസി ലളിതക്കെതിരെയോ വിമർശനമുയർന്നില്ല. ആ വിഷയം ഒതുക്കിത്തീർത്തു'
തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെ നേരത്തെ കേരള സംഗീത നാടക അക്കാദമി അപമാനിച്ച സംഭവം ഓർമിപ്പിച്ച് രശ്മി കേളുവിന്‍റെ കുറിപ്പ്. മോഹിനിയാട്ടം അവതരിപ്പിക്കാൻ സംഗീത നാടക അക്കാദമി അവസരം നൽകാതിരുന്നതോടെ 2020 ഒക്ടോബറിൽ ആർ എൽ വി രാമകൃഷ്ണൻ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. പേരുകേട്ട ആ സ്ഥാപനത്തിൽ രാമകൃഷ്ണന് അവസരം നൽകിയാൽ വിമർശനങ്ങൾ ഉണ്ടാകുമെന്നാണ് അന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ പറഞ്ഞത്. അന്ന് അക്കാദമിയുടെ ചെയർപേഴ്സൺ കെപിഎസി ലളിതയായിരുന്നു. ഈ സംഭവത്തിൽ പുരോഗമന പക്ഷക്കാരെന്ന് അവകാശപ്പെടുന്നവർ പ്രതികരിച്ചില്ലെന്നാണ് രശ്മി കേളുവിന്‍റെ വിമർശനം. കലാമണ്ഡലം സത്യഭാമ ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
കുറിപ്പിന്‍റെ പൂർണരൂപം
കലാമണ്ഡലം സത്യഭാമേച്ചിയെ രണ്ടാട്ട് ആട്ടിയാലും കേരള സംഗീത നാടക അക്കാദമിയോട് ഒന്നും തോന്നല്ലേ മക്കളെ!
സത്യഭാമേച്ചി... സൗന്ദര്യമില്ലാത്ത പുരുഷന്മാർ ‘കാലകത്തി വച്ച്‘ മോഹിനിയാട്ടം കളിച്ചാലുള്ള അഭംഗിയെക്കുറിച്ച് ഒരു ചാനൽ അവതാരകനോട് വിശദീകരിക്കുന്ന വീഡിയോ കണ്ടു. രാമേഷ്ണനെ കണ്ടാൽ പെറ്റ തള്ള സഹിക്കുകേലാ എന്നും മോഹിനിയാട്ടം പോലെ ഒരു സവർണ്ണ കല നമ്മളാൽ ചില ‘ കുടുമ്മത്തിൽ പിറന്ന സൗന്ദര്യ ധാമങ്ങൾ ‘ മാത്രം പൊന്ന് തമ്പുരാനെ വശീകരിക്കാൻ കാലോ കൈയോ വേണ്ട പോലെ അകത്തി കൈകാര്യം ചെയ്ത് കൊണ്ടുനടക്കേണ്ടതാണ് എന്നും ഈ പുരുഷന്മാരെ കൊണ്ട് വല്ലതും പറ്റുന്ന ഒന്നാണോ എന്നുമൊക്കെ പരസ്യമായി പ്രസ്താവിക്കുകയാണ്! (കുറച്ച് സ്ത്രീ വിരുദ്ധം എന്ന് തോന്നുന്നവർക്ക് മോഹിനിയാട്ടത്തിൻെറ ഉദ്ഭവം, സാഹിത്യം, അതവതരിപ്പിച്ചിരുന്ന ജാതി വിഭാഗം എന്നിവയെക്കുറിച്ച് ഒന്നിരുത്തി വായിച്ചാൽ മാറാവുന്നതേ ഉള്ളൂ... ) നവോത്ഥാന കേരളം എന്ന് നാഴികയ്ക്ക് നാല്പതു വട്ടം കൂവുന്ന കേരളത്തിൽ ഇരുന്നാണ് പരസ്യമായി, രാജ്യം ഡോക്ടറേറ്റ് നൽകിയ വർഷങ്ങളോളം അധ്യാപന രംഗത്തും കലാ രംഗത്തും പ്രവൃത്തി പരിചയം ഉള്ള ഡോ. ആർ എൽ വി രാമകൃഷ്ണൻ എന്ന ഒരാളുടെ കഴിവിനെ റദ്ദ് ചെയ്ത് ജാതിവെറി പുറത്ത് പ്രകടിപ്പിച്ച്കൊണ്ട് പരസ്യ ഇൻ്റർവ്യൂ നടത്തിയത്. അവർക്ക് എങ്ങനെ ആ ധൈര്യം വന്നു?!
കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായ ഒരു വാർത്ത ഡോ. ജാസി ഗിഫ്റ്റിനെ പാടാൻ അനുവദിക്കാതെ കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പൽ ബിനൂജ ജോസഫ് മൈക്ക് പിടിച്ച് വാങ്ങിയതായിരുന്നു. ഇവിടെ അപമാനിക്കപ്പെട്ട രണ്ട് പേർക്കും ഡോക്ടറേറ്റ് ഉണ്ട്. പക്ഷേ, പൊതുവേദിയിൽ അപമാനിക്കപ്പെട്ടു. ഈ രണ്ട് വിഷയത്തിൽ എന്നല്ല, ഇതിങ്ങനെ നിർബാധം തുടരുന്നതിന് കാരണം എന്താണ്?! പൊതുബോധത്തിൻ്റെ ഉച്ചസ്ഥായിയിൽ ഉള്ള ആത്മഗതം മാത്രമാണ് കലാമണ്ഡലം സത്യഭാമയോ, ബിനൂജ ജോസഫോ, അടൂർ ഗോപാല കൃഷ്ണനോ, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹനോ ഒക്കെ! ആദിവാസികളോട്, കറുത്തവരോട്, ദളിതരോട്, ഭിന്നശേഷിക്കാരോട്, മുസ്ലീംകളോട് .... അങ്ങനെ സോഷ്യൽ ഹൈറാർക്കിയിൽ താഴെയാണ് എന്ന് തോന്നുന്നവരോടുള്ള പൊതുബോധത്തിനു മേൽപറഞ്ഞവരുടെ രൂപത്തിലൂടെ മൂർത്തഭാവം ലഭിക്കുന്നു എന്ന് മാത്രം. സമൂഹം അത്ര നിഷ്കളങ്കമല്ല . അതുകൊണ്ടാണ് കുറച്ച് സോഷ്യൽ മീഡിയ നിലവിളികൾക്ക് ശേഷം ഇതേ വിഷയങ്ങൾ ആവർത്തിക്കുന്നതും ഓരോ സാധാരണ വാർത്തയായി പരിണമിക്കുന്നതും.
2020 ഒക്ടോബർ മാസത്തിലാണ് പ്രസ്തുത വാർത്താ കേന്ദ്രമായ ശ്രീ ആർ എൽ വി രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലാകുന്നത്. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ അദ്ദേഹത്തിന് മോഹിനിയാട്ടത്തിന് അവസരം നിഷേധിക്കുകയായിരുന്നു എന്നും ഇതുവരെ നല്ല പേരെടുത്ത ആ സ്ഥാപനത്തിൽ ശ്രീ. രാമകൃഷ്ണന് അവസരം നൽകിയാൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകുമെന്നും പടിക്കൽ വരെ വന്നിട്ട് കുടമുടക്കുന്ന അവസ്ഥയായി തീരും എന്നും പറഞ്ഞു. ഇതെല്ലാം ഓഫ്‌ലൈൻ ഓൺലൈൻ മാധ്യമങ്ങളോട് രാമകൃഷ്ണൻ പറയുന്നത് മിക്കവരും കേട്ടതാണ്. ശ്രീ ' മംഗലശ്ശേരി രാധാകൃഷ്ണന്റെ ' പൂമുഖത്ത് ആയിരുന്നില്ല ശ്രീ. രാമകൃഷ്ണൻ മോഹിനിയാട്ടം കളിക്കേണ്ടിയിരുന്നത്. എന്നിട്ടും അതങ്ങനെ സംഭവിച്ചു. പുരോഗമന പാർട്ടി ഭരിക്കുന്ന കേരളത്തിൽ അന്ന് സർക്കാർ ഫണ്ടിങ്ങിൽ പ്രവർത്തിക്കുന്ന അക്കാദമിയുടെ ചെയർപേഴ്സൺ പുരോഗമന കെപിഎസിയുടെ പ്രോഡക്റ്റ് ആയ അന്തരിച്ച ശ്രീമതി ലളിതയായിരുന്നു. ബിനുജ ജോസഫിനും കലാമണ്ഡലം സത്യഭാമക്കും എതിരെ ഇപ്പോൾ ചീറ്റിത്തെറിക്കുന്ന പല പുരോഗമന സിമ്മങ്ങളും ആദ്യത്തെ ചാട്ടം നിർത്തി അന്നു മിണ്ടാട്ടം മുട്ടി നിൽക്കുകയായിരുന്നു.
ശ്രീമതി കെ പി എസ് സി ലളിതയോ അക്കാദമിയോ ആക്രമിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, പിന്നീട് ആശയവിനിമയത്തിൽ ഉണ്ടായ എന്തോ പിഴവാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് ആ വിഷയം ഒതുക്കി തീർക്കുകയുമാണ് ഉണ്ടായത്. അന്ന് പ്രതികരിച്ച എന്നോട് പല പുരോഗമനകാരികളും ആക്രോശിച്ചത് ഇതേ രാമകൃഷ്ണന് സ്വസമുദായം എത്ര വേദികൾ നൽകിയിട്ടുണ്ട് എന്നൊക്കെയുള്ള വിചിത്ര വാദങ്ങൾ ചോദിച്ചുകൊണ്ടാണ്. കേരള സർക്കാരിൻറെ ഫണ്ടിങ്ങിൽ പ്രവർത്തിക്കുന്ന സംഗീത നാടക അക്കാദമി ഒരു സമുദായ സംഘടന അല്ല എന്നും അവിടെ അവസരം ലഭിക്കേണ്ടത് മികവിന്റെ അടിസ്ഥാനത്തിലാണ് എന്നും ജാതിയല്ലാ മുന്നിട്ടു നിൽക്കേണ്ടതെന്നും അടിമകൾക്ക് അറിയാഞ്ഞിട്ടല്ല, പക്ഷേ പ്രതികരിക്കണം എങ്കിൽ ഇതുപോലെ ഒറ്റപ്പെട്ട ഓരോ ബിനുജ ജോസഫോ അല്ലെങ്കിൽ സത്യഭാമേച്ചിയോ വേണം. അത്രതന്നെ!
