പാലക്കാട്: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കഞ്ചിക്കോട്ടെ ബെമലിൽ റെയിൽവെ കോച്ചുകളുടെ നിർമ്മാണം വീണ്ടും തുടങ്ങി. സ്വകാര്യവത്കരണത്തിന് നീക്കം നടക്കുന്നെന്ന ആശങ്കകൾക്കിടെയാണ് 300 മെമു കോച്ചുകളുടെ നിർമ്മാണത്തിനുളള ഓർഡർ ബെമലിന് കിട്ടുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുളള ബെമലിന്‍റെ ഓഹരി വിൽപ്പനക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളികൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് റെയില്‍വെയുടെ ഓർഡറുകൾ ബെമിലനെത്തേടി വീണ്ടുമെത്തുന്നത്. 

അഞ്ച് വർഷത്തിന് ശേഷമാണ് റെയിൽവേക്കായി ബെമൽ വീണ്ടും കോച്ച് നിർമ്മിക്കുന്നത്. റെയിൽവേക്കാവശ്യമുളള 300 കോച്ചുകളിൽ എൻജിൻ ഭാഗം ഉൾപ്പെടെ 75 കോച്ചുകളാണ് കഞ്ചിക്കോട് നിർമ്മിക്കുന്നത്. ബാക്കി കര്‍ണ്ണാടകത്തിലെ പ്ലാന്‍റിലും. നിലവിൽ രണ്ട് കോച്ചുകളുടെ നിർമ്മാണം പൂർത്തിയാക്കി. കഞ്ചിക്കോട് പ്ലാന്‍റിലേക്ക് റെയില്‍വേ ലൈന്‍ ഇല്ലാത്തതിനാൽ റോഡ് മാർഗ്ഗം ബംഗളൂരുവിലെത്തിച്ച് ചക്രങ്ങൾ ഘടിപ്പിക്കും. അടുത്ത വർഷം അവസാനത്തോടെ മുഴുവൻ കോച്ചുകളുടെയും നിർമ്മാണം പൂർത്തിയാക്കും.

ഈ ഘട്ടത്തിലെങ്കിലും ഓഹരി വിൽപ്പന നീക്കം ഉപേക്ഷിക്കണമെന്നാണ് തൊഴിലാളികളുൾപ്പെടെയുളളവരുടെ ആവശ്യം. ഇതുവരെ റെയിൽവെക്കായി  18000 കോച്ചുകൾ നിർമ്മിച്ചുനൽകിയിട്ടുണ്ട്. ഇതിൽ ആയിരത്തോളം കോച്ചുകൾ കഞ്ചിക്കോട് നിന്നും. കൂടുതൽ കോച്ചുകള്‍ നി‍ർമ്മിക്കാൻ കഞ്ചിക്കോട് സാധിക്കുമെങ്കിലു റെയിൽവെ ലൈൻ ഇല്ലാത്തതിനാൽ ട്രാക്കിലിറക്കാന്‍ കഴിയില്ല. ഇത് പരിഹരിക്കാൻ നടപടിആവശ്യപ്പെട്ട് 2010ൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പദ്ധതിരേഖ സമർപ്പിച്ചെങ്കിലും ഒന്നുമായിട്ടില്ല.