ബംഗാളിൽ ചീഫ് ഇലക്ടറല്‍ ഓഫിസറായിരുന്ന മനോജ് കുമാർ അഗർവാളിനെ ബിജെപി സർക്കാർ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിഷ്പക്ഷ ഉദ്യോഗസ്ഥനെന്ന് വിശേഷിപ്പിച്ചയാൾക്ക് ബിജെപി നൽകിയ പ്രതിഫലമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഇതോടെ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നോ എന്ന ചോദ്യവും തൃണമൂൽ ഉന്നയിക്കുന്നു.

കൊൽക്കത്ത: ബം​ഗാളിലെ ചീഫ് ഇലക്ടറല്‍ ഓഫിസറായിരുന്ന മനോജ് കുമാർ അ​ഗർവാളിനെ ചീഫ് സെക്രട്ടറിയാക്കി ​ഗവർണർ ഉത്തരവിറക്കി. ബം​ഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് നടപടി. പിന്നാലെ വിമർശനവുമായി തൃണമൂൽ കോൺ​ഗ്രസ് രം​ഗത്തെത്തി. നിഷ്പക്ഷനായ ഉദ്യോ​ഗസ്ഥനെന്ന് ബിജെപി വിശേഷിപ്പിച്ചയാൾക്ക് തക്ക പ്രതിഫലം കിട്ടിയെന്ന് ടിഎംസി നേതാവ് സാ​ഗരിക ഘോഷ് പരിഹസിച്ചു. ഇനിയും ബം​ഗാളിലെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്ന് വിശ്വസിക്കാമോയെന്നും അവർ ചോദിച്ചു. തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനും നടത്തിപ്പിനും ഉത്തരവാദിത്തമുള്ള സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) ആയിരുന്ന മനോജ് കുമാർ അഗർവാൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മെയ് 7 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക നിരീക്ഷക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന് 48 മണിക്കൂറിന് ശേഷം, സുബ്രതോ ഗുപ്തയെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് നിയമന ഉത്തരവ് വന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥനായ ശാന്തനു ബാലയെ സംസ്ഥാനം നിയമിച്ചു. 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബാല, നേരത്തെ സൗത്ത് 24 പർഗാനാസിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി സേവനമനുഷ്ഠിച്ചിരുന്നു. എസ്‌ഐആർ സമയത്ത് ഗുപ്തയെ പ്രത്യേക റോൾ നിരീക്ഷകനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രത്യേക നിരീക്ഷകന്റെ ചുമതലകളും അദ്ദേഹത്തെ ഏൽപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം സുവേന്ദു അധികാരി ഗുപ്തയെ കാണുകയും ചർച്ചനടത്തുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ‌