പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.

ബെം​ഗളൂരു: 11 പേരുടെ മരിച്ച ദുരന്തത്തെ തുടർന്ന് ബെം​ഗളൂരു പൊലീസ് കമ്മീഷണർക്ക് സസ്പെൻഷൻ. സംഭവത്തെ തുടർന്ന് ഉദ്യോ​ഗസ്ഥർക്കെതിരെ കൂട്ട നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. അഡീഷണൽ കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, എസിപി എന്നിവരെയും സസ്പെൻഡ് ചെയ്യാൻ ഉത്തരവായിട്ടുണ്ട്. പരിപാട് നടന്ന പരിധിയിലെ ചുമതലക്കാരായ എല്ലാ മുതിർന്ന ഉദ്യോ​ഗസ്ഥരെയും സസ്പെൻഡ് ചെയ്യും. പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. അതേ സമയം പോലീസുകാരെ കുറ്റപ്പെടുത്തില്ലെന്നാണ് നേരത്തെ ഡികെ പറഞ്ഞിരുന്നത്.

ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് മൈക്കൽ ഖുഞ്ഞ അന്വേഷിക്കും. 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ആർസിബി, കർണാടക ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ, ഇവൻറ് മാനേജ്മെൻറ് കമ്പനി ഡിഎൻഎയുടെ അധികൃതർ എന്നിവരെ അറസ്റ്റ് ചെയ്യാനും ഉത്തരവിറക്കിയിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി.

 അതേ സമയം, 5000 പോലീസുദ്യോഗസ്ഥർ സുരക്ഷയ്ക്ക് ഉണ്ടായിരുന്നില്ലെന്നും നേരത്തെ സർക്കാർ ഉയർത്തിയ വാദം തെറ്റാണന്നുമുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. സുരക്ഷ ഒരുക്കാൻ ഉണ്ടായിരുന്നത് രണ്ടായിരത്തിൽ താഴെ ഉദ്യോഗസ്ഥർ മാത്രമാണ്. സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച വസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. സുരക്ഷയ്ക്ക് നിയോഗിച്ചത് 1318 ഉദ്യോഗസ്ഥരെ മാത്രമാണ്. 

ഉന്നത പോലീസ് ഉദ്യോഗസ്ഥരും കോൺസ്റ്റബിൾമാരും ഉൾപ്പെടെയുള്ള സംഖ്യയാണിത്. 5000ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത് എന്ന് ഉപമുഖ്യമന്ത്രി ശിവകുമാർ പറഞ്ഞിരുന്നു. ഇതിന് പുറമേ 325 റിസർവ് പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. അവരെക്കൂടി ചേർത്താലും 1643 ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന് ഫയർഫോഴ്സ് വാഹനങ്ങൾ മാത്രമാണ് ചിന്നസ്വാമിക്ക് സമീപം സജ്ജീകരിച്ചത്.

കമ്മീഷണർ അടക്കമുള്ളവരുടെ സസ്പെൻഷൻ ഉത്തരവ് പുറത്ത് വന്നു. സിറ്റി പോലീസ് കമ്മീഷണർ അടക്കമുള്ളവർക്ക് ഗുരുതര വീഴ്ച ഉണ്ടായി എന്ന് ഉത്തരവിൽ പറയുന്നു. ആർസിബി സിഇഒ വിക്ടറി പരേഡ് നടത്തണം എന്ന ആവശ്യം മൂന്നാം തീയതി തന്നെ പോലീസ് കമ്മീഷണറെ അറിയിച്ചിരുന്നു. ഇതിന് അനുമതി നൽകാൻ ആകില്ല എന്ന വിവരം കമ്മീഷണർ എഴുതി നൽകിയില്ല. വാക്കാൽ അനുമതി നിഷേധിക്കുക മാത്രമാണ് ചെയ്തത്. സുരക്ഷ ഒരുക്കാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ കഴിയില്ല എന്ന് കമ്മീഷണർ ആർസിബി അധികൃതരെ അറിയിച്ചത് വാക്കാൽ മാത്രം. ആർസിബി മാനേജ്മെന്റിന് എതിരെയും സസ്പെൻഷൻ ഉത്തരവിൽ പരാമർശമുണ്ട്.

ഈ വിവരം അറിഞ്ഞിട്ടും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികൾ പൊലീസ് മുൻകൂട്ടി സ്വീകരിച്ചില്ല. 'സർക്കാരിനെ വിവരം അറിയിച്ചില്ലെന്നും ഉത്തരവില്‍ പറയുന്നു. എന്താണ് സാഹചര്യം എന്നതിൽ സർക്കാരിന് കൃത്യം വിവരം നൽകിയില്ല എന്ന് ഉത്തരവിലുണ്ട്. ഇത് വലിയ ദുരന്തത്തിനും കൂട്ടമരണത്തിനും ഇടയാക്കി എന്നും ഉത്തരവിൽ വിശദമാക്കുന്നു.