കോട്ടയം: കേരളാകോൺഗ്രസ് ജോസ് കെ മാണി വിഭാഗം പൂര്‍ണ്ണമായും യുഡിഎഫ് മുന്നണിക്ക് പുറത്തേക്കെന്ന സൂചന നൽകി യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹനാൻ. മുന്നണിക്ക് പുറത്ത് പോകാൻ വാശി പിടിക്കുന്നവരെ പിടിച്ച് നിർത്താനാവില്ലെന്നും അവസാന അവസരവും ജോസ് കെ മാണി വിഭാഗം പാഴാക്കുകയായിരുന്നും ബെന്നിബെഹ്നാന്‍ പ്രതികരിച്ചു. 

എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം മൂന്നാം തീയതി ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷമെടുക്കുമെന്നും  യുഡിഎഫ് കൺവീനര്‍ വ്യക്തമാക്കി. കേരളാ കോൺഗ്രസിലെ പടലപ്പിണക്കവും പൊട്ടിത്തെറികളും പുറത്താക്കല്‍ നാടകങ്ങളും യുഡിഎഫിന് തലവേദനയായിട്ട് നാളേറെയായി. കേരളാ കോൺഗ്രസിനുള്ളിലെ ജോസഫ്- ജോസ് തര്‍ക്കം ഒടുവിൽ യുഡിഎഫിന് തന്നെ തലവേദനയാകുകയായിരുന്നു. ഏറ്റവും ഒടുവിൽ നിയമസഭയിൽ യുഡിഎഫ് അവിശ്വാസ പ്രമേയത്തിൽ നിന്ന് ജോസ് കെ മാണി വിഭാഗത്തിന്‍റെ രണ്ട് എംഎൽഎമാര്‍ വിട്ട് നിന്നതാണ് യുഡിഎഫിനെ കടുത്ത തീരുമാനത്തിലേക്കെത്തിച്ചത്.