തിരുവനന്തപുരം: ബെന്നി ബെഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ചു. കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമവാർ‍ത്തകൾ വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു രാജി. എം എം ഹസനെ കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നേരത്തെ തന്നെ ഹൈക്കമാൻഡിന് കത്ത് നൽകിയിട്ടുണ്ട്.

എ ഗ്രൂപ്പിനുള്ളിലെ തർക്കമാണ് ബെന്നി ബെഹന്നാന്‍റെ നാടകീയരാജി പ്രഖ്യാപനത്തിലെത്തിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ യുഡിഎഫ് സ്ഥാനത്ത് നിന്ന് ബെന്നിയെ മാറ്റാൻ തീരുമാനിച്ചതാണ്. കെപിസിസി അധ്യക്ഷസ്ഥാനമൊഴി‍‍ഞ്ഞ ഹസനെ കൺവീനർ സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ബെന്നി മാറാൻ തയ്യാറായില്ല. മാന്യമായി രാജി വയ്ക്കാൻ അവസരം ഒരുക്കണമെന്ന ബെന്നിയുടെ അഭിപ്രായം കാരണം തീരുമാനം വൈകി.

ഇതിനിടെ  ബെന്നിയുടെ രാജി വൈകിയത് എ ഗ്രൂുപ്പിനുള്ളിൽ തർക്കമായി.കെസി ജോസഫ് തമ്പാനൂർ രവി ഉൾപ്പടെയുള്ള നേതാക്കൾ  ഉമ്മൻചാണ്ടിയെ അതൃപ്തി അറിയിച്ചു. ഉമ്മൻചാണ്ടിയുടെ തീരുമാനത്തിൽ അസ്വസ്ഥനായ ബെന്നി രമേശ് ചെന്നിത്തലയോട് കൂടുതൽ അടുത്തു. ഇതിനിടെ ബെന്നിയും ഉമ്മൻചാണ്ടിയും തമ്മിൽ അഭിപ്രായവ്യത്യാസമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ രാജിപ്രഖ്യാപനത്തിലേക്ക് കാര്യങ്ങളെത്തി.

പാർലമെന്‍റ് സമ്മേളനത്തിന് ശേഷം രാജി വയ്ക്കാമെന്ന് ബെന്നി അറിയിച്ചിരുന്നതാണ് വിവരം. എന്നാൽ നടകീയരാജി പ്രഖ്യാപനം യുഡിഎഫിൽ അമ്പരപ്പുണ്ടാക്കി. സർക്കാരിനെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന മുന്നണി നേതൃത്വത്തെ തന്നെ ചോദ്യം ചെയ്ത് കൊണ്ടുള്ള കൺവീനറുടെ രാജി പ്രഖ്യാപനം തിരിച്ചടിയാണ്.