Asianet News MalayalamAsianet News Malayalam

വിവാദങ്ങൾക്കിടെ സിപിഎം നേതൃയോ​ഗം ഇന്ന്: കോടിയേരി ഒഴിയുമെന്ന് അഭ്യൂഹം

 സിപിഎം സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് പാർട്ടി യോഗങ്ങൾ ചേരുന്നത്. 

Beside controversies cpim leaders meet begin today
Author
Thiruvananthapuram, First Published Jun 22, 2019, 6:16 AM IST

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് ചേരും. ബിനോയിക്കെതിരെ കുരുക്ക് മുറുകുമ്പോൾ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനിൽക്കും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് യോഗങ്ങൾ ചേരുന്നത്. 

ലോക്സഭാ തെര‍ഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ പാർട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി ഉയർന്ന് വന്ന ബിനോയ് കോടിയേരിക്കെതിരായ പരാതി ,എം.വി ഗോവിന്ദന്‍റെ ഭാര്യയും ആന്തൂർ നഗരസഭാ ചെയർപേഴ്സണുമായ പി.കെ ശ്യാമള ആരോപണങ്ങൾ നേരിടുന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ. സിപിഎം സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് പാർട്ടി യോഗങ്ങൾ ചേരുന്നത്. 

ഇന്ന് സെക്രട്ടറിയേറ്റും നാളെ സംസഥാന സമിതിയും ചേരും. തെരഞ്ഞെടുപ്പ് അവലോകനമാകും പ്രധാന ചർച്ചയെങ്കിലും പാർട്ടിയെ കുരുക്കിലാക്കുന്ന വിഷയങ്ങൾ യോഗങ്ങളിൽ ഉയർന്നേക്കും. പിണറായി-കോടിയേരി അകൽച്ചയും കണ്ണൂരിലെ പാർട്ടി നേതാക്കൾ തമ്മിലുള്ള അനൈക്യവും പ്രകടമാകുന്ന ഘട്ടത്തിൽ കൂടിയാണ് രണ്ട് വിഷയങ്ങളും ഉയരുന്നത്. 

ബിനോയ് കോടിയേരിക്കെതിരായ ബീഹാർ സ്വദേശിയുടെ പരാതിയിൽ അന്വേഷണം എകെജി സെന്‍റർ വരെ എത്തിനിൽക്കുന്ന സാഹചര്യത്തിൽ അവധിയെടുത്ത് മാറി നിൽക്കാം എന്ന നിലപാട് കോടിയേരി ബാലകൃഷ്ണൻ എടുത്തതായാണ് സൂചന. എന്നാൽ മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് ഇക്കാര്യത്തിൽ വിയോജിപ്പുണ്ട്. ബിനോയിക്കെതിരായ ആരോപണങ്ങൾ വ്യക്തിപരമായി തന്നെ നേരിടട്ടെയെന്നാണ് പാർട്ടി നിലപാട്. കോടിയേരിയെ വേട്ടയാടേണ്ട എന്ന നേതാക്കളുടെ നിലപാടിലും സന്ദേശം വ്യക്തമാണ്.

പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ കണ്ണൂർ ഘടകം ആടിയുലയുകയാണ്. കൂടുംബാംഗങ്ങളുൾപ്പെട്ട വിവാദങ്ങളിൽ രണ്ട് ഉന്നത നേതാക്കൾ ഒരെ സമയം പ്രതിരോധത്തിലാകുന്നതും സിപിഎമ്മിനെ വലയ്ക്കുന്നു. ഹൈക്കോടതി കൂടി കടുത്ത വിർമശനമുന്നയിച്ചതോടെ പി.കെ.ശ്യാമളക്കെതിരെ നടപടിക്കും പാർട്ടി നിർബന്ധിതമാകുന്ന സാഹചര്യം. രണ്ട് വിഷയങ്ങളിൽ സിപിഎം യോഗങ്ങളിൽ ഉയരുന്ന ചർച്ചകൾ നിർണ്ണായകമായിരിക്കും. 

Follow Us:
Download App:
  • android
  • ios