ദില്ലിയിൽ നടന്ന ചടങ്ങിൽ പുരസ്കാരം കേന്ദ്രവിദേശകാര്യസഹമന്ത്രി പാബിത്ര മാർഗരിറ്റയിൽ നിന്ന് റീജീയണൽ പാസ്പോർട്ട് ഓഫീസർ കെ അരുൺ മോഹൻ ഐഐഎസ് ഏറ്റുവാങ്ങി.
ദില്ലി: രാജ്യത്തെ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള കേന്ദ്രസർക്കാർ പുരസ്കാരം കോഴിക്കോട് റീജീയണൽ പാസ്പോർട്ട് ഓഫീസിന് ലഭിച്ചു. ദില്ലിയിൽ നടന്ന ചടങ്ങിൽ പുരസ്കാരം കേന്ദ്രവിദേശകാര്യസഹമന്ത്രി പാബിത്ര മാർഗരിറ്റയിൽ നിന്ന് റീജീയണൽ പാസ്പോർട്ട് ഓഫീസർ കെ അരുൺ മോഹൻ ഐഐഎസ് ഏറ്റുവാങ്ങി. പാസ്പോർട്ട് ഓഫീസിന്റെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ പുരസ്കാരം തേടിയെത്തിയത്.
കോഴിക്കോട് പാസ്പോർട്ട് ഓഫീസിലെ അസി.പാസ്പോർട്ട് ഓഫീസർ സതീഷ് കൂട്ടിലിന് മികച്ച ഗ്രാന്റിംഗ് ഓഫീസർ പുരസ്കാവും ലഭിച്ചു. കഴിഞ്ഞ വർഷം മാത്രം ഏകദേശം ആറ് ലക്ഷത്തിലധികം പാസ്പോർട്ടുകളാണ് കോഴിക്കോട് റീജീയണൽ പാസ്പോർട്ട് ഓഫീസിൽ നിന്ന് നൽകിയത്. 3500 പേരുടെ അപേക്ഷകളിലാണ് പ്രതിദിനം നടപടികൾ സ്വീകരിക്കുന്നത്. റീജീയണൽ പാസ്പോർട്ട് ഓഫീസിന്റെ കീഴിൽ നടപ്പാക്കിയ സഞ്ചരിക്കുന്ന പാസ്പോർട്ട് ഓഫീസ് ഏറെ ശ്രദ്ധനേടിയിരുന്നു.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രയാണം നടത്തുന്ന ‘സഞ്ചരിക്കുന്ന പാസ്പോർട്ട് ഓഫീസ്’ വിവിധ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫീസ് എന്നിവയ്ക്ക് പുറമേ ബന്ധപ്പെട്ട മറ്റ് സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ചാണ് സേവനം. ഗ്രാമപ്രദേശങ്ങളിലാണ് കൂടുതൽ സേവനം നൽകിയത്. ഓഫീസിന്റെ സേവനം ഗ്രാമീണമേഖലയിലടക്കം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വയനാട്ടിലെ കൽപ്പറ്റയിലും പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം അടുത്തിടെ പ്രവർത്തനം തുടങ്ങിയിരുന്നു.

