തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് ഒഴിവാക്കാനായി തുടങ്ങുന്ന ബെവ് ക്യൂ എന്ന ഓൺലൈൻ ആപ്പിന്റെ ട്രയൽ റൺ വൈകും. ബെവ് ക്യൂ ആപ്പിന് ഇതുവരെ സാങ്കേതിക അനുമതി കിട്ടിയില്ല. ട്രയൽ നടത്താൻ സാങ്കേതിക അനുമതി മാത്രമാണ് തടസമെന്ന് ബെവ്കോ പറഞ്ഞു.

സംസ്ഥാനത്ത് മദ്യവിൽപ്പന ശനിയാഴ്ച മുതൽ തുടങ്ങിയേക്കും. നാലാംഘട്ട ലോക്ഡൗണിൽ മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചെങ്കിലും ആപ്പ് പ്രവർത്തനസജ്ജമാകാത്തതാണ് തടസമായത്. ആപ്പിന് ഗൂഗിളിൽ നിന്നുളള അനുമതി ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിന് ശേഷം സുരക്ഷാപരിശോധന പൂർത്തിയാക്കണം. ഇതിന് ഇനിയും രണ്ട് ദിവസം കൂടിയെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ. അനുമതി കിട്ടുന്നതോടെ പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി സൗജന്യമായി അപ്പ് ഡൗൺലോ‍ഡ് ചെയ്യാം സംസ്ഥാനത്തെ 301 ബെവ്കോ ഔട്ട് ലെറ്റുകളുടെയും 550 ബാറുകളുടെയും 225 ബിയർ പാർലറുകളുടെയും വിവരങ്ങളാണ് ആപ്പിൽ സജ്ജമാക്കുന്നത്. 

വൻകിട ഹോട്ടലുകളും റിസോർട്ടുകളും ആപ്പിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. ബെവ് ക്യൂ ആപ്പ് ഒരേ സമയം 35 ലക്ഷം പേർക്ക് വരെ ഉപയോഗിക്കാനാവുമെന്ന് ആപ്പ് വികസിപ്പിച്ച കൊച്ചി ആസ്ഥാനമായുളള കമ്പനിയുടെ അവകാശവാദം. പേര്, ഫോൺ നമ്പർ, സ്ഥലം എന്നിവ ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തേണ്ടത്. വ്യക്തി വിവരങ്ങൾ ചോദിക്കില്ല. ബാറുകളിൽ നിന്നും ബെവ്കോയിൽ നിന്നും മദ്യം വാങ്ങാൻ ആപ്പ് ഉപയോഗിക്കാം. ഒരാള്‍ക്ക് പത്തുദിവസം കൊണ്ട് മൂന്ന് ലിറ്റര്‍ വരെ മദ്യമാണ് വാങ്ങാനാവുക. മദ്യം വാങ്ങുന്ന സമയവും ഔട്ട് ലെറ്റും മുൻകൂട്ടി തെരഞ്ഞെടുക്കാൻ കഴിയുന്നതിലൂടെ തിരക്ക് നിയന്ത്രിക്കാനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.