കോഴിക്കോട്: ബെവ്ക്യൂ ആപ്പ് മറയാക്കി ബാറുകളില്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ബെവ്കോ ഔട്ട്ലറ്റുകള്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നു. ബെവ്കോ ഔട്ട്ലറ്റുകളില്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടാനില്ലാത്തതും ഉപഭോക്താക്കളെ ബാറുകളിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നു. ബെവ്കോയുടെ സഹായം കൂടാതെ എക്സൈസ് ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ പിന്തുണയും ബാറുകള്‍ക്ക് കിട്ടുന്നുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര ആപ്പിലായ ബെവ്കോ തുടരുന്നു.

മദ്യത്തിന്‍റെയും സ്റ്റോക്ക് കഴിയുന്നതിനനുസരിച്ച് ബെവ്കോ ഔട്ട്ലറ്റുകള്‍ക്ക് സ്റ്റോക്ക് എടുക്കാമെങ്കിലും ബെവ്ക്യൂ ആപ് പാളുകയും ഉപഭോക്താക്കള്‍ ബാറുകളിലേക്ക് മാറുകയും ചെയ്തതോടെ സ്റ്റോക്ക് എടുക്കുന്ന കാര്യത്തില്‍ ബെവ്കോ മെല്ലെപ്പോക്ക് തുടങ്ങി. അതോടെ ഏറ്റവുമധികം വിറ്റുപോയിരുന്ന മദ്യം പല ഔട്ട്ലറ്റുകളിലും കിട്ടാതായി. ബാറുകളില്‍ പാര്‍സല്‍ സൗകര്യം സര്‍ക്കാര്‍ അനുവദിക്കുക കൂടി ചെയ്തതോടെ ബെവ്കോയെ ഉപഭോക്താക്കള്‍ ഏറെക്കുറെ കൈയൊഴിഞ്ഞു. ഇത്തരത്തില്‍ ബാറുകളെ ബെവ്കോ അധികൃതര്‍ പരോക്ഷമായാണ് സഹായിക്കുന്നത് എങ്കില്‍ എക്സൈസ് വകുപ്പിന്‍റെ സഹായം മറയില്ലാതെയാണ്. 

വെയര്‍ഹൗസില്‍ നിന്ന് മദ്യം അനുവദിക്കുമ്പോള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കൊടുക്കേണ്ട പെര്‍മിറ്റ് ബാര്‍ പ്രതിനിധികള്‍ തന്നെ എഴുതുന്നു. ലോഡ് എടുത്ത് കൊണ്ടുപോയാല്‍ അതിറക്കുന്നത് എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആകണമെന്നാണ് ചട്ടം. എന്നാല്‍ ഇതും ഒരിക്കലും പാലിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ വേറെ എവിടെ നിന്നെങ്കിലും വ്യാജമദ്യം കൊണ്ടിറക്കിയാലും ആരും അറിയില്ലെന്ന് ചുരുക്കം. ബാറുകളിലെ എക്സൈസ് പരിശോധന കുറഞ്ഞതും ക്രമക്കേടുകള്‍ക്ക് കാരണമാവുകയാണ്.