പോറ്റിയുടെ വീട്ടിൽ പോയി എന്നത് സത്യാവസ്ഥയെന്ന് അടൂർ പ്രകാശ്. പോറ്റിയുടെ സഹോദരി താമസിക്കുന്ന വീട്ടിലും പോയിട്ടുണ്ട്. രമണി പി നായർക്കൊപ്പമാണ് പോയതെന്നും ആറ്റിങ്ങൾ എംപിയായ ശേഷമാണ് ബന്ധമെന്നും അടൂർ പ്രകാശ് ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ദില്ലി: ശബരിമലകൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് വിശദീകരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. "മരം മുറി "ചാനൽ രാവിലെ മുതൽ തനിക്കെതിരെയാണെന്നും മോശക്കാരനാക്കാൻ ശ്രമം നടന്നാലും വില പോകില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. എംപിയായ ശേഷമാണ് അന്നദാനവുമായി ബന്ധപ്പെട്ട് പോറ്റി വന്ന് കാണുന്നത്. വീട്ടിൽ പോയി എന്നത് സത്യാവസ്ഥയാണ്. പോറ്റിയുടെ സഹോദരി താമസിക്കുന്ന വീട്ടിലും പോയിട്ടുണ്ട്. രമണി പി നായർക്കൊപ്പമാണ് പോയതെന്നും ആറ്റിങ്ങൾ എംപിയായ ശേഷമാണ് പോറ്റിയുമായി ബന്ധമെന്നും അടൂർ പ്രകാശ് ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കൊള്ളക്കാരനാണെന്ന് അറിഞ്ഞോണ്ടല്ല പരിചയപ്പെടുന്നത്. ചില ചാനലുകൾ പറയുന്ന പോലെയാണോ കേരളത്തിലെ രാഷ്ട്രീയം. പോറ്റി അന്ന് ഉപഹാരമായി തന്നത് ഡേറ്റ്സ് ആണ്. അത് ചുറ്റുമുള്ളവർക്ക് കൊടുത്തു. കൊള്ളയുടെ പങ്ക് ഒന്നുമല്ല തന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. കൈയിൽ തന്ന കവർ പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങുമായി ബന്ധപ്പെട്ട ക്ഷണമാണ്. അതിനാണ് പിന്നീട് അവരുടെ വീട്ടിൽ പോയത്. താൻ വഴിയല്ല സോണിയ ഗാന്ധിയുടെ അടുത്ത് പോറ്റി എത്തിയത്. എന്താണ് ചടങ്ങെന്ന് കൃതൃമായി ഓർക്കാനാകുന്നില്ല. രമേഷ് ബാബുവിനെ അറിയില്ല. ഒപ്പം വന്നു കണ്ടവരെയും പരിചയമില്ല. താൻ നിത്യസന്ദർശകനാണെന്നു പറഞ്ഞ പോറ്റിയുടെ അയൽക്കാരൻ പെയ്ഡ് സാക്ഷിയാകാമെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. അടൂർ പ്രകാശിന് ഉപഹാരം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ അടൂർ പ്രകാശ് കൂടുതൽ കുരുക്കിലായി. പോറ്റിയുടെ സുഹൃത്തുക്കളായ രമേശ് റാവുവും അനന്തസുബ്രമണ്യവും ചിത്രത്തിൽ ഉണ്ട്. ബാംഗ്ലൂരിൽ വെച്ച് നടന്ന ചടങ്ങാണെന്നാണ് ലഭ്യമാകുന്ന വിവരം. ഉപഹാരങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് ഉള്‍പ്പെടെ കൊടുത്തിട്ടുണ്ടെന്ന മൊഴി പോറ്റി നൽകിയിരുന്നു. എന്നാൽ അതിൽ പേര് പറഞ്ഞിരുന്നില്ല. സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം പുറത്ത് വന്നതിന് പിന്നാലെ വിവാദമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യുഡിഎഫ് വിശദീകരണം നൽകിയിട്ടില്ല. അതിനിടയിലാണ് പോറ്റിയുമൊത്തുള്ള അടൂര്‍ പ്രകാശിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. അതേ സമയം എന്ത് ചടങ്ങാണിത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.



