Asianet News MalayalamAsianet News Malayalam

ബെവ്കോയെ ആപ്പിലാക്കി ബെവ്ക്യൂ ആപ്പ്: മദ്യവിൽപന പകുതിയിലും താഴെയായി കുറഞ്ഞു

ബിവറേജസ് കോര്‍പ്പറേഷന്‍റെയും കണ്‍സ്യൂമര്‍ഫെഡിന്‍റേയും 301 വില്‍പ്പനശാലകള്‍ക്കു പുറമേ 576 ബാറുകളിലും 291 ബിയര്‍ പാര്‍ലറുകളിലേക്കും ബവ്ക്യൂ ആപ്പ് വഴി മദ്യവില്‍പ്പനക്ക് ടോക്കണ്‍ നല്‍കുന്നുണ്ട്

bevQ app effects daily sale of bevco stalls
Author
Thiruvananthapuram, First Published Jun 10, 2020, 1:17 PM IST

തിരുവനന്തപുരം: മദ്യവിൽപന ശാലകളിലെ തിരക്ക് ഒഴിവാക്കാൻ കൊണ്ടു വന്ന ബെവ്ക്യൂ ആപ്പ് സർക്കാർ മദ്യവിൽപനശാലകളുടെ കച്ചവടം ഇല്ലാതാക്കുന്നതായി പരാതി. ബിവറേജസ് കോർപറേഷൻ്റേയും കൺസ്യൂമ‍ർ ഫെഡിന്റേയും ഔട്ലെററുകള്‍ക്ക് വന്‍ തിരിച്ചടിയാണ് ബെവ്ക്യൂ ആപ്പെന്ന് ഉദ്യോ​ഗസ്ഥ‍ർക്കിടയിൽ തന്നെ വിമ‍ർശനം ശക്തമായിട്ടുണ്ട്. ടോക്കണുകള്‍ ഭൂരിപക്ഷവും ബാറുകളിലേക്കായതോടെ ശരാശരി വില്‍പ്പന മൂന്നിലൊന്നായി കുറഞ്ഞു. അതേസമയം ബാറുകള്‍ക്ക് കൂടുതല്‍ ടോക്കണ്‍ കിട്ടുന്നതില്‍ അസ്വാഭാവികതയില്ലെന്നാണ് ആപ്പ് വികസിപ്പിച്ച കമ്പനിയുടെ വിശദീകരണം.

ബിവറേജസ് കോര്‍പ്പറേഷന്‍റെയും കണ്‍സ്യൂമര്‍ഫെഡിന്‍റേയും 301 വില്‍പ്പനശാലകള്‍ക്കു പുറമേ 576 ബാറുകളിലും 291 ബിയര്‍ പാര്‍ലറുകളിലേക്കും ബവ്ക്യൂ ആപ്പ് വഴി മദ്യവില്‍പ്പനക്ക് ടോക്കണ്‍ നല്‍കുന്നുണ്ട്. ആകെ നാല് ലക്ഷത്തോളം ടോക്കണ് അനുവദിക്കാമെങ്കിലും പരമാവധി രണ്ടര ലക്ഷം ബുക്കിംഗ് മാത്രമാണ് പ്രതിദിനം നടക്കുന്നത്. ഓരോ വില്‍പ്പനശാലയിലും പ്രതിദിനം പരമാവധി 400 ടോക്കണുകളാണ് കൊടുക്കേണ്ടത്. എന്നാല്‍  ബിവറേജസ് കോര്‍പ്പറേഷൻ്റെ പല വില്‍പ്പനശാലകളിലും  നൂറില്‍ താഴെ ടോക്കണ്‍ മാത്രമാണ് കിട്ടുന്നത്.

എന്നാല്‍ കോവിഡ് കാലത്ത് ദൂരയാത്ര ഒഴിവാക്കാന്‍ പിന്‍കോഡ് അടിസ്ഥാനമാക്കി തൊട്ടടുത്തുള്ള മദ്യവില്‍പ്പനശാലയാണ് മൊബൈല്‍ അപ്പ് തെരഞ്ഞെടുക്കുന്നത്. ബെവ്കോയടെ വില‍്പ്പനശാലകളുടെ ഇരിട്ടിയോളം ബാറുകളുണ്ട്. ഇതാണ് ബാറുകളിലേക്ക് ടോക്കണ്‍ കൂടാന്‍ കാരണമെന്ന് ആപ്പ് വികസിപ്പിച്ച ഫെയര്‍കോഡ് ടെക്നോളജീസ് വിശദീകരിച്ചു.

 ലോക്ക് ഡൗണിന് മുമ്പ് പ്രതിദിനം ശരാശരി 35 കോടി വില്‍പ്പയുണ്ടായിരുന്ന ബെവ്കോയുടെ വില്‍പ്പനശാലകളില്‍ ഇപ്പോള്‍ 15 കോടിയോളം രൂപയുടെ വില്‍പ്പന മാത്രമാണ് നടക്കുന്നത്. ബാറുകളിലേക്കുള്ള മദ്യം ബവ്കോയുടെ വെയര്‍ഹൗസില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. അതിനാല്‍ മൊത്തവില്‍പ്പനയില്‍ കാര്യമായ കുറവില്ലെന്ന് ബിവറേജ്സ് കോര്‍പ്പറേഷന്‍ അറിയിച്ചു. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയാൽ ബെവ് ക്യൂ ആപ്പ് പിൻവലിക്കാനാണ് സ‍‍ർക്കാരിന്റെ തീരുമാനം. 

Follow Us:
Download App:
  • android
  • ios