കൊച്ചി കലൂർ സ്റ്റേഡിയത്തില്‍ തനിക്കുണ്ടായ അപകടത്തിന് ഉത്തരവാദികൾ ആരെന്നു പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഉമ തോമസ് എംഎൽഎ

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തില്‍ തനിക്കുണ്ടായ അപകടത്തിന് ഉത്തരവാദികൾ ആരെന്നു പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഉമ തോമസ് എംഎൽഎ. എന്തുകൊണ്ട് പരിപാടിക്ക് അനുമതി കൊടുത്തു എന്നതിന് പോലും വ്യക്തമായ മറുപടി ജിസിഡിഎയിൽ നിന്ന് ലഭിച്ചില്ല, മൃദംഗ വിഷന് സമൻസ് അയച്ചിട്ട് പോലും അവർ കൈപ്പറ്റിയില്ലെന്നാണ് അറിഞ്ഞത്. അഡ്രസ് പോലും ഇല്ലാത്തവർക്കാണോ സ്റ്റേഡിയം വാടകയ്ക്ക് നൽകിയത്?തനിക്ക് അല്ലെങ്കിൽ മറ്റാർക്കെങ്കിലും അന്ന് അപകടം സംഭവിക്കുമായിരുന്നു എന്നും ഉമ തോമസ് പറഞ്ഞു. അപകടത്തിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎൽഎ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഗിന്നസ് റെക്കോഡിടാൻ ലക്ഷ്യമിട്ട് നടത്തിയ പരിപാടിയുടെ വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് വക്കീൽ നോട്ടീസ്. ജിസിഡിഎ, സംഘാടകരായ മൃദംഗവിഷൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് വക്കീൽ നോട്ടീസ്. അപകടം നടന്നിട്ട് കഴിഞ്ഞ ദിവസം ആണ് ഒരു വർഷം പൂർത്തിയായത്.

Add Asianetnews as a Preferred SourcegooglePreferred

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ താത്കാലിക സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ 46 ദിവസം നീണ്ട ചികിത്സക്കുശേഷമായിരുന്നു ആശുപത്രി വിട്ടത്. ഉമ തോമസിന്‍റേത് അത്ഭുതകരമായ തിരിച്ച് വരവാണെന്നും നട്ടെല്ലിനേറ്റ പരിക്ക് ഭേദമാകാൻ വിശ്രമം അത്യാവശ്യമാണെന്നും അന്ന് റിനൈ മെഡിസിറ്റി മെ‍ഡിക്കൽ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബർ 29 നാണ് 12,000 പേർ പങ്കെടുത്ത നൃത്ത പരിപാടിക്കിടെ കലൂർ സ്റ്റേഡിയത്തിൽ താത്കാലികമായി കെട്ടിപ്പൊക്കിയ സ്റ്റേജിൽ നിന്ന് വീണ് ഉമ തോമസിന് പരിക്കേറ്റത്. വിഐപി ഗ‍ാലറിയുടെ അറ്റത്തുള്ള ഇരിപ്പിടത്തിലേക്ക് പോവുകയായിരുന്ന ഉമ തോമസ് കാല്‍വഴുതി താത്കാലികമായി കെട്ടിയ ബാരിക്കേഡുകളും മറികടന്ന് നിന്ന് താഴേക്ക് വീഴുകയായിരുന്നു. താത്കാലികമായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ബലമുള്ളതായിരുന്നില്ല. 20 അടിയോളം താഴ്ചയിലേക്കാണ് വീണത്.