Asianet News MalayalamAsianet News Malayalam

അക്ഷമരായി ആളുകള്‍; എഴ് മണിക്കും ബെവ്ക്യു എത്തിയില്ല, കമ്പനിക്ക് പറയാനുള്ളത്

രാത്രി 10മണിക്ക് മുൻപ് ബെവ്‌ ക്യു ആപ് പ്ലേ സ്റ്റോറിൽ ലഭിക്കുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിക്കുന്നത്. ഗൂഗിൾ റിവ്യൂ തുടരുന്നതിനാൽ ആണ് ആപ്പ് വൈകുന്നത്. നാളത്തേക്കുള്ള ബുക്കിംഗ് ഇന്ന് രാത്രി 10 മണി വരെ നടത്താനാകുമെന്നും കമ്പനി അറിയിച്ചു.

bevq app will in play store before 10 pm
Author
Thiruvananthapuram, First Published May 27, 2020, 7:02 PM IST

തിരുവനന്തപുരം:  സംസ്ഥാനത്ത് മദ്യ വിതരണത്തിനുള്ള ടോക്കൺ ലഭിക്കുന്നതിനായി ഏർപ്പെടുത്തിയ ബെവ് ക്യു പ്ലേസ്റ്റോറില്‍ എത്തിയില്ല. ബെവ് ക്യു ആപ്പ് ഇന്ന് അഞ്ച് മണി മുതൽ പ്ലേ സ്റ്റോറിൽ ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളായ ഫെയർ കോഡ് ടെക്നോളജീസ് അറിയിച്ചിരുന്നത്. ആപ്പിന്റെ പ്രവർത്തനം തൃപ്തികരമാണോയെന്ന് ഇന്ന് വൈകിട്ട് ആറര മുതൽ അറിയാമെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഏഴ് മണിയായിട്ടും പ്ലേസ്റ്റോറില്‍ ആപ്പ് എത്തിയിട്ടില്ല.

രാത്രി 10മണിക്ക് മുൻപ് ബെവ്‌ക്യു ആപ് പ്ലേ സ്റ്റോറിൽ ലഭിക്കുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിക്കുന്നത്. ഗൂഗിൾ റിവ്യൂ തുടരുന്നതിനാൽ ആണ് ആപ്പ് വൈകുന്നത്. നാളത്തേക്കുള്ള ബുക്കിംഗ് ഇന്ന് രാത്രി 10 മണി വരെ നടത്താനാകുമെന്നും കമ്പനി അറിയിച്ചു. 464000ടോക്കൺ വരെ ഇന്ന് നൽകാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

ഇതുവരെ 10 ലക്ഷം എസ്എംഎസ് സർവീസ് പ്രൊവൈഡർക്കു കിട്ടിയിട്ടുണ്ട്. എന്നാൽ ആപ്പ് പ്ലേ സ്റ്റോറിൽ വരാത്തതിനാൽ എസ്എംഎസ് ബുക്കിംഗ് ആക്റ്റീവ് ആകില്ല. എസ്എംഎസ് വഴി ബുക്ക് ചെയ്തവർ വീണ്ടും ബുക്ക്‌ ചെയ്യേണ്ടി വരുമെന്നും ഫെയർ കോഡ് ടെക്നോളജീസ് അറിയിച്ചു. ആപ്പ് പറഞ്ഞ സമയത്ത് എത്താതിരുന്നതോടെ നിര്‍മ്മാതാക്കളായ ഫെയർ കോഡ് ടെക്നോളജീസിന്‍റെ ഫേസ്ബുക്ക് പേജില്‍ നിരവധി പേരാണ് ആപ്പ് എത്താത്തത് എന്താണെന്ന ചോദ്യവുമായി എത്തിയത്. 

നാളെ രാവിലെ 9 മണി മുതൽ സംസ്ഥാനത്ത് മദ്യവിൽപ്പന തുടങ്ങുമെന്നാണ് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചത്. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവിൽപ്പന അവസാനിപ്പിച്ച് ബാർ, ബിവറേജസ് കൗണ്ടറുകൾ പൂട്ടും. ബെവ്ക്യു ആപ്ലിക്കേഷൻ വഴി ഓൺലൈൻ ടോക്കൺ സംവിധാനത്തിലൂടെയാണ് മദ്യവിൽപ്പന നടത്തുന്നത്. മദ്യത്തിന്‍റെ ടോക്കൺ ബുക്കിംഗിനും നിശ്ചിതസമയം ഉണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് 10 മണി വരെയാകും ടോക്കൺ ബുക്കിംഗ് സംവിധാനം.

ഒരു സമയത്ത് ക്യൂവിൽ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. സമയം തെറ്റിച്ച് വരികയോ, ടോക്കൺ കിട്ടാതെ വരികയോ ചെയ്യുന്ന ഒരാൾക്കും ബാർ, ബിവറേജസ്, ബിയർ - വൈൻ പാർലറുകൾ വഴി മദ്യം വിൽക്കില്ലെന്നും ഇത് കർശനമായി നടപ്പാക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി. ഫെയർ കോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഓൺലൈൻ മദ്യവിൽപ്പനയ്ക്കുള്ള ടോക്കൺ വിതരണത്തിനുള്ള ആപ്ലിക്കേഷൻ വികസിപ്പിച്ചത്.

ഇവരെ തെരഞ്ഞെടുത്തത് സുതാര്യമായ പ്രക്രിയയിലൂടെയാണ്. 301 ബവ്റിജസ്, കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകൾ വഴിയാണ് മദ്യം വിതരണം ചെയ്യേണ്ടത്. ഇതിന് പുറമേ, 576 ബാർ ഹോട്ടലുകൾ വഴിയും (612 എണ്ണത്തിൽ 576 ബാർ ഹോട്ടലുകൾക്കാണ് അനുമതി), 360 ബിയർ - വൈൻ പാർലറുകൾ വഴിയും മദ്യവിൽപ്പന നടത്തും.

Follow Us:
Download App:
  • android
  • ios