'ലൈംഗികമായ തൃപ്തി' ആണ് ശ്രീദേവി ചാറ്റിൽ ഉദ്ദേശിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു പറയുന്നു
കൊച്ചി: ഒരു റോസാപ്പൂവായിരുന്നു ശ്രീദേവിയുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിലെ ചിത്രം. മൂന്ന് വർഷത്തോളം നിരന്തരം ചാറ്റ് ചെയ്തിട്ടും ഒരിക്കൽ പോലും ശ്രീദേവിയുടെ ശബ്ദം ഭഗവൽ സിംഗ് കേട്ടിരുന്നില്ല. എന്നിട്ടും അതൊരു സ്ത്രീയാണെന്ന് ഉറപ്പിക്കാൻ ഒരിക്കൽ പോലും അയാളിൽ നിന്ന് ശ്രമമുണ്ടായില്ല. ആ സൗഹൃദം ഭഗവൽ സിംഗിന്റെ മനസിൽ പ്രണയമായി വളർന്നു. ശ്രീദേവിയെ അയാൾ പൂർണമായും വിശ്വസിച്ചു.
ഒടുവിൽ പൊലീസ് ക്ലബിൽ വെച്ച് ശ്രീദേവി റഷീദാണെന്ന് ഡിസിപി വെളിപ്പെടുത്തിയതോടെ ഭഗവൽ സിംഗിന്റെ മനസ് പതറി. 'തന്നെ വഞ്ചിച്ചല്ലോ...' എന്നായിരുന്നു ആ വെളിപ്പെടുത്തലിനോടുള്ള ഭഗവൽ സിംഗിന്റെ പ്രതികരണം. അപ്പോഴേക്കും ശ്രീദേവിയിൽ ഭഗവൽ സിംഗിനുണ്ടായ വിശ്വാസം ഒരായുസിൽ ചെയ്ത് കൂട്ടാവുന്ന ഏറ്റവും ക്രൂരമായ കുറ്റകൃത്യം ചെയ്ത് കഴിഞ്ഞിരുന്നു.
ശ്രീദേവി, ഷാഫിയെന്ന റഷീദാണെന്ന് മനസിലായതോടെ ഭഗവൽ സിംഗും ലൈലയും തകർന്നു പോയെന്നും പിന്നീട് അവർ വിവരങ്ങൾ വെളിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. കഥകൾ ഒന്നൊന്നായി പുറത്തുവന്നതോടെയാണ് കേരളത്തെ നടുക്കിയ നരബലിയുടെ വ്യക്തമായ ചിത്രം പൊലീസിന് ലഭിച്ചത്.
ശ്രീദേവി എന്ന വ്യാജ പ്രൊഫൈലിന് ജ്യോതിഷത്തിലും വൈദ്യത്തിലും വലിയ താത്പര്യമുണ്ടെന്ന് കരുതിയതാണ് ഭഗവൽ സിംഗിന്റെ ശ്രദ്ധ കിട്ടാൻ കാരണമായത്. കുടുംബ വിവരങ്ങളിൽ തുടങ്ങിയ സൗഹൃദ സംഭാഷണം പിന്നീട് രാജ്യത്തിന് തന്നെ അപമാനമായ കൊലപാതകത്തിലേക്ക് നീങ്ങി.
ഭഗവൽ സിംഗും ലൈലയും തന്നെ വിശ്വസിച്ചുവെന്ന് മനസിലാക്കിയ ശ്രീദേവി പെരുമ്പാവൂരിലെ സിദ്ധനെ പരിചയപ്പെടാൻ ആവശ്യപ്പെട്ടു. അയാളെ പ്രീതിപ്പെടുത്താൻ പറഞ്ഞു. പക്ഷെ പണം നൽകിയായിരുന്നില്ല പ്രീതിപ്പെടുത്തേണ്ടിയിരുന്നത്. 'ലൈംഗികമായ തൃപ്തി' ആണ് ശ്രീദേവി ചാറ്റിൽ ഉദ്ദേശിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു പറയുന്നു. സിദ്ധന്റേതെന്ന പേരിൽ തന്റെ തന്നെ മൊബൈൽ നമ്പറാണ് റഷീദ്, ശ്രീദേവിയെന്ന വ്യാജ പ്രൊഫൈൽ വഴി ഭഗവൽ സിംഗിന് അയച്ചത്.
