'2019ൽ ഒരു റോസാ പൂവിന്‍റെ ചിത്രമുള്ള  പ്രൊഫൈലിൽ നിന്നാണ് ഷാഫി ഭഗവൽ സിംഗിന് സൗഹൃദ അപേക്ഷ അയച്ചത്. ജ്യോതിഷത്തിലും വൈദ്യത്തിലും ആകൃഷ്ടയാണെന്ന് അറിഞ്ഞതോടെ അടുപ്പമായി. പിന്നെ കുടുംബ വിശേഷം പങ്കുവച്ച് മാനസിക അടുപ്പം ശക്തമാക്കി. അത് പ്രണയത്തോളമെത്തി'

കൊച്ചി: ശ്രീദേവിയെന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനോടുള്ള പ്രണയമാണ് ഭഗവൽ സിംഗിനെ ക്രൂരമായ നരബലിയിലേക്ക് എത്തിച്ചത്. മൂന്ന് വർഷം നീണ്ട സൈബർ പ്രണയം പൊളിയുന്നത് പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിനിടെ ഷാഫിയാണ് ശ്രീദേവിയെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ്.

2019ൽ ഒരു റോസാ പൂവിന്‍റെ ചിത്രമുള്ള പ്രൊഫൈലിൽ നിന്നാണ് ഷാഫി ഭഗവൽ സിംഗിന് സൗഹൃദ അപേക്ഷ നൽകുന്നത്. ജ്യോതിഷത്തിലും വൈദ്യത്തിലും ആകൃഷ്ടയാണെന്ന് അറിഞ്ഞതോടെ അടുപ്പമായി. പിന്നെ കുടുംബ വിശേഷം പങ്കുവച്ച് മാനസിക അടുപ്പം ശക്തമാക്കി. അത് പ്രണയത്തോളമെത്തിയെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ചാറ്റുകളല്ലാതെ നേരിൽ സംസാരിച്ചില്ല. അതുകൊണ്ട് ശ്രീദേവി എന്ന വ്യാജ പ്രൊഫൈലിനെ ഭഗവൽ സിംഗ് കണ്ണടച്ചു വിശ്വസിച്ചു

അടുപ്പം കൂടിയതോടെയാണ് ഭഗവൽസിംഗ് തന്‍റെ കുടുംബത്തിന് സാന്പത്തിക പരാധീനതയുണ്ടെന്ന വിവരം 'ശ്രീദേവി'യുമായി പങ്കുവച്ചത്. താൻ വരച്ച വരയിൽ ഭഗവൽ സിംഗും ലൈലയും എത്തിയതോടെ തന്‍റെ പ്രശ്നം പരിഹരിച്ച സിദ്ധനെ, 'ശ്രീദേവി' പരിചപ്പെടുത്തി. മൊബൈൽ നമ്പർ നൽകി. അതോടെ, അതുവരെ ശ്രീദേവിയായിരുന്ന ഷാഫി സിദ്ധനായി രംഗത്തെത്തി. പക്ഷെ ഭഗവൽ സിംഗ് തിരിച്ചറിഞ്ഞില്ല. നരബലിയിൽ അറസ്റ്റിലാകുന്നത് വരെ. 

പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിനിടെയാണ് ഡിസിപി എസ്.ശശിധരൻ, അദൃശ്യ കാമുകിയാരെന്ന വിവരം ഭഗവൽ സിംഗിനെ അറിയിച്ചത്. മുഹമ്മദ് ഷാഫിയാണ് ശ്രീദേവി എന്ന് മനസ്സിലായതോടെ ഭഗവൽ സിംഗും ലൈലയും തകർന്നു പോയി. പിടിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയതും അപ്പോഴായിരുന്നു. പിന്നീടായിരുന്നു മൂവരും ചെയ്ത ക്രൂരമായ നരബലിയുടെ ഉള്ളറകൾ ഒന്നൊന്നായി ഭഗവൽ സിംഗും ഷാഫിയും ലൈലയും വിശദീകരിച്ചത്.
നരബലി ആസൂത്രണം ചെയ്ത ഷാഫി ക്രൂരനായ കൊലയാളി, സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തും

സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തിയ ക്രൂരനായ കൊലയാളിയാണ് മുഖ്യപ്രതി ഷാഫി. ആസൂത്രണം ചെയ്യുന്ന പദ്ധതി നടപ്പാക്കാൻ പ്രത്യേക മിടുക്കും വാക‍്‍ചാതുര്യവും ഉണ്ടായിരുന്നു ഷാഫിക്ക്. രണ്ട് വർഷം മുൻപ് കോലഞ്ചേരിയിലെ വൃദ്ധയെ സമാനരീതിയിലാണ് ഷാഫി സ്വകാര്യ ഭാഗത്തടക്കം കത്തി കൊണ്ട് ആക്രമിച്ച് മരണത്തിന്‍റെ വക്കോളമെത്തിച്ചത്.

പതിനാറാം വയസ്സിൽ ഇടുക്കി നിന്ന് നാടുവിട്ടതാണ് ഷാഫി. പല ദേശത്ത് പല പേരുകളിലും ഇയാൾ തങ്ങി. ചെയ്യാത്ത ജോലികളില്ല. ഇതിനിടയിൽ 8 കേസുകളിൽ പ്രതിയായി. 2020 കോലഞ്ചേരിയിൽ 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗം കത്തി കൊണ്ട് മുറിച്ചതാണ് ഇതിന് മുൻപുള്ള ക്രൂരകൃത്യം. തന്‍റെ ലക്ഷ്യം നേടാൻ കഥ മെനയും, പിന്നെ ആവശ്യക്കാരെ കണ്ടെത്തി ക്രൂരത നടപ്പാക്കി ആനന്ദം കണ്ടെത്തും. ഇലന്തൂരിലെ ഇരട്ട നരബലിയിൽ ജീവൻ നഷ്ടമായ സ്ത്രീകളുടെ ശരീരത്തിലും ഇയാൾ കത്തി കൊണ്ട് ക്രൂരത കാട്ടി ആനന്ദം കണ്ടെത്തിയിരുന്നു.