തിരുവനന്തപുരം: അശ്ലീലയൂട്യൂബർ വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസിൽ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലെന്ന് പൊലീസ്. ഇവർക്ക് ഇന്നലെ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. 

സ്ത്രീകളെ മോശമായി പരാമർശിക്കുന്ന യുട്യൂബ് വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ ലോഡ്ജ് മുറിയിൽ കയറി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നുമാണ് തമ്പാനൂർ‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടി  ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ കോടതിയെ സമീപിച്ചത്. 

ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പ്രതികള്‍ നിയമം കൈയിലെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഈ വാദം അംഗീകരിച്ചാണ് വിധി. നിയമവും സമാധാനവും സംരക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്, അതില്ലാതാകുമ്പോള്‍ നോക്കി നിൽക്കാനാകില്ല, സംസ്കാരമുള്ള സമൂഹത്തിന് ചേർന്നതല്ല പ്രതികളുടെ പ്രവർത്തിയെന്നും ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ട് അഡീഷണൽ സെഷൻസ് കോടതി- 3 വിധിച്ചു. ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ വിജയ് പി. നായർ‍ക്കതെിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്. പക്ഷെ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും കൈയേറ്റം നടന്നിട്ടില്ലെന്നുമുള്ള വിജയ് പി നായരുടെ വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്. പക്ഷേ, സ്ത്രീകളെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ വിജയ് പി നായർ ഇപ്പോഴും റിമാൻഡിലാണ്. ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.