കൊച്ചി: ഭാഗ്യലക്ഷ്മിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യു ട്യൂബർ വിജയ് പി. നായർ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ട്. പ്രതികളെ സഹായിക്കാനാണ് സർക്കാർ ഐടി ആക്ടിൽ ഭേദഗതി വരുത്തിയത്. തന്റെ ലാപ്ടോപ്പും ഫോണും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ബലം പ്രയോഗിച്ച് എടുത്തു കൊണ്ടു പോയതാണെന്നം വിജയ് പി. നായരുടെ ഹർജിയിൽ പറയുന്നു.

താൻ സ്വമേധയാ ലാപ് ടോപ് നൽകിയെന്ന വാദം ശരിയല്ല. തന്റെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി തന്നെ ആക്രമിക്കുകയായിരുന്നു. മനപൂർവം നിയമം കയ്യിലെടുക്കുന്ന നടപടിയാണ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ഭാഗത്തു നിന്നുണ്ടായതെന്നും വിജയ് പി നായരുടെ ഹർജിയിൽ പറയുന്നു. ഭാഗ്യലക്ഷ്മിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയാനിരിക്കെയാണ് വിജയ് പി. നായർ കോടതിയെ സമീപിച്ചിരിക്കുന്നത്.