ദേശീയ പണിമുടക്കിനോട് സഹകരിക്കുന്നില്ലെന്നാരോപിച്ച് കൊല്ലം പത്തനാപുരത്ത് ഔഷധി പൂട്ടിക്കാൻ സമരാനുകൂലികളുടെ ശ്രമം.
കൊല്ലം : ദേശീയ പണിമുടക്കിനോട് സഹകരിക്കുന്നില്ലെന്നാരോപിച്ച് കൊല്ലം പത്തനാപുരത്ത് ഔഷധി പൂട്ടിക്കാൻ സമരാനുകൂലികളുടെ ശ്രമം. ആശുപത്രിയിലേക്ക് മരുന്നുകളെത്തിക്കുന്ന പത്തനാപുരത്തെ ഔഷധി സബ് സെൻ്ററിലാണ് സമരാനുകൂലികളെത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള ഗോഡൌണാണെന്നും ഇത് അവശ്യ സർവീസിൽ പെടുന്നതാണെന്നും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഔഷധിയിലെ ജീവനക്കാരൻ പറയുന്നത് ദൃശ്യങ്ങളിൽ കാണാം. ഭീഷണി മുഴക്കിയ സമരാനുകൂലികൾ ജീവനക്കാരനെ ബലമായി പിടിച്ച് പുറത്തിറക്കി.
കെഎസ്ആർടിസി കണ്ടക്ടറെ സമരാനുകൂലികൾ മർദ്ദിച്ചതായി പരാതി
ദേശീയ പണിമുടക്കിനോട് സഹകരിക്കാതിരുന്ന കെഎസ്ആർടിസി കണ്ടക്ടറെ സമരാനുകൂലികൾ മർദ്ദിച്ചതായി പരാതി. കരുനാഗപ്പള്ളിയിൽ നിന്നും കൊല്ലത്തേക്ക് എത്തിയ ബസിലെ കണ്ടക്ടറും സമരാനുകൂലികളും തമ്മിലാണ് തർക്കമുണ്ടായത്. പണിമുടക്ക് ദിവസം സർവീസ് നടത്തിയത് ചോദ്യം ചെയ്ത് സമരാനുകൂലികൾ കണ്ടക്ടർ ശ്രീകാന്തിനെ മർദ്ദിച്ചെന്നാണ് പരാതി.
കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 10 മണിക്കൂർ പിന്നിട്ടു. കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. വാഹനങ്ങൾ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്.



